അല്ലു അർജുനും ബി.എം.ഡബ്ല്യു സെവൻ സീരീസ് കാറും | Photo: Instagram/butterfly.entertainments, Allu Arjun

മലയാളത്തിലെ സിനിമതാരങ്ങള്‍ ഉള്‍പ്പെടെ സെലിബ്രിറ്റുകളുടെ ഇഷ്ടവാഹനമാണ് ബി.എം.ഡബ്ല്യു. സെവന്‍ സീരീസ്

തെന്നിന്ത്യയില്‍ ഉടനീളം ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. സ്‌റ്റൈല്‍ സ്റ്റാര്‍ പട്ടം ചാര്‍ത്തപ്പെട്ടിട്ടുള്ള താരം തന്റെ യാത്രകള്‍ക്കായി ഒരു സ്റ്റൈലൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ വാഹനമായ സെവന്‍ സീരീസാണ് അല്ലു അര്‍ജുന്റെ ഗ്യാരേജിലെത്തിയ പുതിയ ആഡംബര വാഹനം. താത്കാലിക നമ്പര്‍ പ്ലേറ്റുമായാണ് വാഹനം ഡെലിവറി എടുത്തിരിക്കുന്നത്.

മലയാളത്തിലെ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ സെലിബ്രിറ്റുകളുടെ ഇഷ്ടവാഹനമാണ് ബി.എം.ഡബ്ല്യു. സെവന്‍ സീരീസ്. പുതുതലമുറ സെവന്‍ സീരീസ് മലയാളി താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിൻ പോളി, ആസിഫ് അലി, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ധനുഷ് ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ നടമാരും ഈ വാഹനത്തിന്റെ സെലിബ്രിറ്റി ഉടമകളുടെ പട്ടികയിലുണ്ട്. ഇവര്‍ക്കിടയിലേക്കാണ് അല്ലു അര്‍ജുന്റെ പേര് കൂടി ചേര്‍ത്തിരിക്കുന്നത്.

ബി.എം.ഡബ്ല്യു.740ഐ എം, 740ഡി എം എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ വാഹനം വിപണയില്‍ എത്തുന്നത്. ഇവയ്ക്ക് യാഥാക്രമം 1.81 കോടി രൂപയും 1.84 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്നതിന് പുറമെ, സെവന്‍ സീരീസിന്റെ ഇലക്ട്രിക് മോഡലായ ഐ7 ഇലക്ട്രിക്കും ബി.എം.ഡബ്ല്യു. ഇന്ത്യയില്‍ എത്തിക്കുന്നുണ്ട്. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഇലക്ട്രിക് മോഡലിന് 2.03 കോടി രൂപ മുതല്‍ 2.50 കോടി വരെയാണ് എക്‌സ്‌ഷോറൂം വില.

സെവന്‍ സീരീസ് മോഡലുകളില്‍ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്ന വലിയ കിഡ്‌നി ഗ്രില്ല്, ബോണറ്റിന് സമീപത്തായി നല്‍കിയിട്ടുള്ള നീളത്തിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഡ്യുവല്‍ ബീ എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഫ്‌ളാറ്റ് ബോണറ്റ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. സെവന്‍ സീരീസിന്റെ മുന്‍ മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് 2023 സെവന്‍ സീരീസ് എത്തിയിട്ടുള്ളത്. നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തെ പ്രധാന പുതുമ.

അത്യാഡംബര സംവിധാനങ്ങളോടെയാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഡാഷ്‌ബോര്‍ഡിന്റെ പകുതി ഭാഗം വരെ നീളുന്ന സ്‌ക്രീനിലാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിട്ടുള്ളത്. കണക്ടിവിറ്റി സംവിധാനങ്ങളും സ്ട്രീമിങ്ങ് സൗകര്യങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. വെന്റിലേറ്റഡ് സംവിധാനത്തിലാണ് സീറ്റുകളെല്ലാം ഒരുങ്ങിയിട്ടുള്ളത്. പിന്‍നിരയില്‍ ഓട്ടോമാന്‍ സംവിധാനമുള്ള സീറ്റുകളുമാണ്. പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.

3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോൾ എന്‍ജിന്‍ 381 പി.എസ്.പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ 286 പി.എസ്.കരുത്തും 650 എന്‍.എം. ടോര്‍ക്കുമേകും. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.