അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളിലൊന്നായി ഇക്കുറി ഡല്‍ഹിയുടെ വിധിയെഴുത്ത് മാറിയത് രാജ്യതലസ്ഥാനമെന്ന നിര്‍വചനത്തിന്റെ പ്രത്യേകത കൊണ്ടല്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡല്‍ഹിയുടെ രാഷ്ട്രീയചരിത്രം മാറ്റിയെഴുതുന്ന സംഭവപരമ്പരയുടെ അരങ്ങേറ്റങ്ങള്‍ കൊണ്ടാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന്, അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഉള്ളടക്കം കണ്ടെടുക്കാനൊരുങ്ങുന്നവര്‍ക്ക് പ്രവചനത്തിന് സമയമെടുക്കും.

വഴിതിരിയുന്ന രാഷ്ട്രീയം

രാഷ്ട്രീയചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഒരുമാസമായി ഡല്‍ഹി സാക്ഷ്യംവഹിക്കുന്നത്. ഭരണത്തിലിരിക്കെത്തന്നെ മുഖ്യമന്ത്രിയും എ.എ.പി. കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അറസ്റ്റ് ചെയ്തതുതന്നെ അസാധാരണം. കെജ്രിവാള്‍ തിഹാര്‍ ജയിലിലായിട്ടും കീഴടങ്ങലിന്റെ സ്വരം എ.എ.പി.യില്‍നിന്ന് ഉയരാതെ വന്നപ്പോള്‍ രാഷ്ട്രീയമെത്തിയത് മറ്റൊരു ഘട്ടത്തില്‍.

രാജിവെക്കില്ലെന്നും കെജ്രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയത്തിലെ പുതിയ പോര്‍മുഖം തുറന്നു. നേതാവിന്റെ അറസ്റ്റിനെ ഇരപരിവേഷത്തോടെ അവതരിപ്പിക്കാന്‍ പാര്‍ട്ടിയുടെ നടപ്പുരീതികള്‍ക്ക് എളുപ്പം കഴിഞ്ഞതോടെ, അറസ്റ്റിലൂടെ ലക്ഷ്യമിട്ട നീക്കങ്ങളുടെ മുനയൊടിഞ്ഞത് മൂന്നാംഘട്ടം.

ഡല്‍ഹിയില്‍ ‘ഇന്ത്യ’ സഖ്യമുണ്ടാകുന്നതിനുമുമ്പുവരെ എ.എ.പി.യെ പൊളിക്കാന്‍ സര്‍വ ആയുധങ്ങളും സംഭരിച്ച കോണ്‍ഗ്രസും കെജ്രിവാളിനായി ഉയരുന്ന ആരവങ്ങളില്‍ പങ്കുചേര്‍ന്നത് കൗതുകം. മദ്യനയക്കേസില്‍ ആദ്യം സമരമുഖം തുറന്നത് കോണ്‍ഗ്രസായിരുന്നെന്ന യാഥാര്‍ഥ്യം അതിലലിഞ്ഞുപോയി. ഇതോടെ, പ്രതിരോധത്തിലായ ബി.ജെ.പി. സകല മാര്‍ഗങ്ങളുമുപയോഗിച്ച് അണിനിരന്നതോടെ രാഷ്ട്രീയം കനത്തു. ജയിലില്‍നിന്ന് ഭരണം പ്രായോഗികമാണോയെന്ന ചര്‍ച്ചയിലേക്ക് രാഷ്ട്രീയം പതുക്കെ കേന്ദ്രീകരിച്ചു. എന്നാല്‍, ഭരണനിര്‍ദേശങ്ങള്‍ ജയില്‍ മുറിയില്‍നിന്ന് പലവട്ടമെത്തിയതോടെ ചര്‍ച്ചകളുടെ തലം മാറി. ജയിലിലെ ഭരണം തുടരാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന തലവന്‍ ലെഫ്. ഗവര്‍ണര്‍ തുറന്നുപറഞ്ഞത് രാഷ്ട്രപതി ഭരണത്തിന്റെ മണിമുഴക്കമാണെന്ന് സംശയമുയര്‍ന്നു.

മന്ത്രിമാര്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലെഫ്. ഗവര്‍ണര്‍ കഴിഞ്ഞദിവസം കേന്ദ്രത്തിന് കത്തയച്ചതോടെ സംശയത്തിന് ബലം കൂടി. ഇരുമുന്നണികള്‍ക്കും അറസ്റ്റായി പ്രചാരണ വിഷയം. ‘ജയിലിന് മറുപടി വോട്ടില്‍’ എന്ന മുദ്രാവാക്യവുമായി എ.എ.പി. വീടുവീടാന്തരം പ്രചാരണം ആരംഭിച്ചു. ‘അഴിമതിക്കാര്‍ക്ക് ജയില്‍’ എന്ന മുദ്രാവാക്യം മെനഞ്ഞ് ബി.ജെ.പി. ബദല്‍ പ്രചാരണം തുടങ്ങി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ആയുധമായി അറസ്റ്റിനെ കണ്ട് ഡല്‍ഹിയില്‍ ‘ഇന്ത്യ’ സഖ്യം വിപുലമായ മഹാറാലി നടത്തി പ്രതിരോധം തീര്‍ത്തു. കെജ്രിവാളിന്റെ അറസ്റ്റിനെ ശരിവെച്ച് കേസില്‍ തെളിവുണ്ടെന്ന് കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതി പറഞ്ഞതോടെ ബി.ജെ.പി.ക്ക് പുതിയ രാഷ്ട്രീയായുധമായി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഒടുവില്‍ മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവെച്ചതും വിഷയം സങ്കീര്‍ണമാക്കുന്നു.

സംസ്ഥാനം വേറെ, കേന്ദ്രം വേറെ

പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സുരക്ഷിത താവളമാണ് ഡല്‍ഹി. പാര്‍ട്ടി രൂപവത്കരിക്കപ്പെട്ട 1980 മുതലുള്ള കണക്കില്‍ കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ ഡല്‍ഹിയില്‍നിന്ന് ലോക്സഭാംഗങ്ങള്‍ പോയിട്ടുള്ളത് ബി.ജെ.പി.യുടെ ടിക്കറ്റിലാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാല്‍ 1993- നുശേഷം ബി.ജെ.പി.ക്ക് ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാനായിട്ടില്ല. കോണ്‍ഗ്രസിനെ വെട്ടി 2012-ല്‍ തുടങ്ങിയ എ.എ.പി.യുടെ ജൈത്രയാത്രയാണ് ഇപ്പോള്‍ ഡല്‍ഹി സെക്രട്ടേറിയറ്റില്‍. എന്നാല്‍, പാര്‍ലമെന്റിലേക്ക് ഡല്‍ഹിക്കാരുടെ വോട്ട് ഇതുവരെ താമരയ്ക്കുതന്നെയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസും എ.എ.പി.യും കൈകോര്‍ക്കുന്ന ‘ഇന്ത്യ’ സഖ്യം വരുമ്പോള്‍ ചരിത്രം പഴങ്കഥയാകുമോയെന്ന കടങ്കഥയ്ക്ക് ഉത്തരംതേടുകയാണ്. രാജ്യതലസ്ഥാനമിപ്പോള്‍. മേയ് 25-നാണ് ജനവിധി.

കരുതലോടെ ബി.ജെ.പി.

‘ഇന്ത്യ’ സഖ്യത്തിന്റെ വരവില്‍ ബി.ജെ.പി. ക്യാമ്പിന് ആശങ്കയുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ത്തന്നെ അതുപ്രകടം. ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ ആറിലും ബി.ജെ.പി. പുതുമുഖങ്ങളെയാണ് ഇറക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിയെയടക്കം മാറ്റിനിര്‍ത്തിയാണ് പരീക്ഷണം. ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നതിനാല്‍ കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷത്തില്‍ ബി.ജെ.പി. ജയമുറപ്പാക്കിയിരുന്നു. ‘ഇന്ത്യ’ സഖ്യം ഒന്നിച്ച് ഏറ്റുമുട്ടാനെത്തുമ്പോള്‍ ഇത്തവണ വിജയം അനായാസമാവില്ലെന്ന ആശങ്ക ബി.ജെ.പി.ക്കുണ്ട്.