നിതാ അംബാനിയും അവർ സ്വന്തമാക്കിയ റോൾസ് റോയിസ് ഫാന്റം VIII മോഡലും | Photo: Instagram/nmacc.india, automobiliardent
കസ്റ്റമൈസേഷനിലൂടെ ഏറെ പ്രത്യേകതകള്‍ വരുത്തിയാണ് നിതാ അംബിനിയുടെ ഫാന്റം എത്തിയിട്ടുള്ളത്.
ഇന്ത്യയിലേയും വിദേശത്തെയും എണ്ണംപറഞ്ഞ ആഡംബര വാഹനങ്ങളില്‍ ഭൂരിഭാഗവുമുള്ള ഗ്യാരേജാണ് അംബാനി കുടുംബത്തിന്റേത്. ഈ ഗ്യാരേജിലേക്ക് വീണ്ടമൊരു റോള്‍സ് റോയിസ് കൂടി എത്തിയിരിക്കുകയാണ്. നിതാ അംബാനിയുടെ യാത്രകള്‍ക്കായാണ് അത്യാഡംബര വാഹനമായ റോള്‍സ് റോയിസ് ഫാന്റം VIII എക്സ്റ്റന്റഡ് വീല്‍ബേസ് (ഇ.ബി.ഡബ്ല്യു) എത്തിയിരിക്കുന്നത്. 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കസ്റ്റമൈസേഷനിലൂടെ ഏറെ പ്രത്യേകതകള്‍ വരുത്തിയാണ് നിതാ അംബാനിയുടെ ഫാന്റം എത്തിയിട്ടുള്ളത്. പ്രധാന സവിശേഷത ഈ വാഹനത്തിന്റെ നിറമാണ്. റോസ് ക്വാര്‍ട്‌സ് ഷേഡിലാണ് ഈ ഫാന്റം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിതാ അംബാനിക്ക് മാത്രമാണ് ഈ നിറത്തിലുള്ള ഫാന്റം റോള്‍സ് റോയിസ് ഒരുക്കിയിട്ടുള്ളത്. എക്‌സ്റ്റീരിയറിലെ നിറത്തിനൊപ്പം ഓര്‍ക്കിഡ് വെല്‍വെറ്റ് ഇന്റീരിയറുമാണ് ഈ ഫാന്റം VIII-ല്‍ നല്‍കിയിട്ടുള്ളത്. നിതാ മുകേഷ് അംബാനിയുടെ ചുരുക്കെഴുത്തായ എല്‍.എം.എ. ബാഡ്ജിങ്ങ് ഹെഡ്‌റെസ്റ്റില്‍ കാണാം.
ഉടമയുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള അവസരം റോള്‍സ് റോയിസിന്റെ വാഹനങ്ങളില്‍ നല്‍കുന്നുണ്ട്. എന്നാല്‍, കസ്റ്റമൈസേഷന് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും. മെഴ്‌സിഡീസ് ബെന്‍സ് എസ് 680 ഗാര്‍ഡ്, റോള്‍ഡ് റോയിസ് കള്ളിനന്‍, ബെന്റ്‌ലി ബെന്റെയ്ഗ, ഫെരാരി സ്‌ട്രേഡല്‍, റോള്‍സ് റോയിസ് ഫാന്റം, റേഞ്ച് റോവറിന്റെ വിവിധ എസ്.യു.വികള്‍ തുടങ്ങി നിരവധി അത്യാഡംബര വാഹനങ്ങള്‍ക്കിടയിലേക്കാണ് പുതിയ ഫാന്റവും എത്തിയിരിക്കുന്നത്.

റോള്‍സ് റോയിസിന്റെ അത്യാഡംബര വാഹനങ്ങളിലൊന്നായ ഫാന്റത്തിന്റെ എട്ടാം തലമുറ മോഡലാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഫോര്‍ കോര്‍ണര്‍ എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റം, അത്യാധുനിക ഷാസി കണ്‍ട്രോള്‍ സിസ്റ്റം, തുടങ്ങി നിരവധി പ്രത്യേകതകള്‍ കാറിനുണ്ട്. 2022-ല്‍ ഗുജറാത്തിലെയും മുംബൈയിലേയും ഉപയോഗത്തിനായി മുകേഷ് അംബാനി രണ്ട് റോള്‍സ് റോയിസ് ഫാന്റം ഇ.ഡബ്ല്യു.ബി. മോഡല്‍ സ്വന്തമാക്കിയിരുന്നു. ജൂബിലി സില്‍വറും ബൊഹീമിയന്‍ റെഡ് നിറത്തിലും മൂണ്‍സ്റ്റോണ്‍ പേള്‍ എന്നീ നിറങ്ങളിലായിരുന്നു ഈ രണ്ട് വാഹനങ്ങള്‍ ഒരുങ്ങിയിരുന്നത്.
6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് കരുത്ത് പകരുക. 5000 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി പവറും 1700 ആര്‍പിഎമ്മില്‍ 900 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനെയാണ് എന്‍ജിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക. 5.3 സെക്കന്‍ഡുകള്‍കൊണ്ടുതന്നെ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിവേഗ ട്രാക്കുകളില്‍ വേഗം ഇതിലും കൂടും.
