Photo: twitter.com/IPL

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ യുവതാരങ്ങള്‍ തങ്ങളുടെ കരുത്തറിയിക്കുന്ന ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ് ഐപിഎല്ലിന്റെ 17-ാം സീസണ്‍. ലഖ്‌നൗവിന്റെ മായങ്ക് യാദവും കൊല്‍ക്കത്തയുടെ ആംക്രിഷ് രഘുവംശിയും പഞ്ചാബിന്റെ ശശാങ്ക് സിങ്ങുമെല്ലാം ഇതിനകം തന്നെ തങ്ങളുടെ വരവറിയിച്ചുകഴിഞ്ഞു. ഇക്കൂട്ടത്തിലെ പുതിയ പേരുകാരനാകുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 20-കാരനായ ആന്ധ്രാ ബാറ്റര്‍ നിതീഷ് റെഡ്ഡി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ട്രാവിസ് ഹെഡ്, ഏയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ എന്നീ വമ്പന്മാരടങ്ങിയ ബാറ്റിങ് നിര കളിമറന്നപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി ടീമിന്റെ രക്ഷയ്‌ക്കെത്തിയത് നിതീഷായിരുന്നു.

ബാറ്റിങ് ഓള്‍റൗണ്ടറായ താരത്തെ ഇക്കഴിഞ്ഞ താരലേലത്തില്‍ 20 ലക്ഷത്തിനാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രയ്ക്കായി കളിക്കുന്ന താരം ഇതിനകം 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 22 ലിസ്റ്റ് എ മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. പഞ്ചാബിനെതിരായുള്ളത് നിതീഷിന്റെ രണ്ടാം ഐപിഎല്‍ മത്സരമായിരുന്നു. കാഗിസോ റബാദ, അര്‍ഷ്ദീപ് സിങ്, സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരടങ്ങിയ ബൗളിങ് നിരയ്‌ക്കെതിരേ 37 പന്തില്‍ നിന്ന് അഞ്ചു സിക്‌സും നാല് ഫോറുമടക്കം 64 റണ്‍സെടുത്ത നിതീഷിന്റെ പ്രകടനം ഹൈദരാബാദിന്റെ രണ്ടു റണ്‍സ് വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. ഒരു വിക്കറ്റും വീഴ്ത്തിയ നിതീഷ് തന്നെയായിരുന്നു കളിയിലെ താരവും.