ആനി രാജ, രാഹുൽഗാന്ധി, ബിഷപ്പ് മാർ ജോസ് പൊരുന്നേടം

മാനന്തവാടി: ലോക്സഭാ വയനാട് മണ്ഡലം സ്ഥാനാര്‍ഥികളായ രാഹുല്‍ഗാന്ധിയെയും ആനി രാജയെയും കുറിച്ചുള്ള മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ പ്രസ്താവന ചര്‍ച്ചയാവുന്നു. ആത്മീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയായത്. ഇന്ത്യസഖ്യത്തിന്റെ ഭാഗമായ രാഹുലും ആനിരാജയും വയനാട് മണ്ഡലത്തില്‍ എന്തിനു പരസ്പരം മത്സരിക്കുന്നു എന്ന ചോദ്യമാണ് ബിഷപ്പ് ഉയര്‍ത്തിയത്.

‘വയനാടിനെക്കുറിച്ചു പറയുമ്പോള്‍ ഇവിടെ പ്രമുഖരായ രണ്ടുപേര്‍ നില്‍ക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയും ആനി രാജയും. കേരളത്തിന്റെ അതിര്‍ത്തിവിട്ടാല്‍ ഇവര്‍ രണ്ടുപേരും ഒരേ സഖ്യത്തില്‍പ്പെട്ടവരാണ്, ഇന്ത്യ സഖ്യത്തില്‍പെട്ടവര്‍. വയനാടിന്റെ തൊട്ടപ്പുറത്ത് കര്‍ണാടകവും തമിഴ്‌നാടുമായി. അവിടെ അവര്‍ ഒന്നിച്ചു നിന്ന് ഒരു വേദിയില്‍ അവര്‍ക്കുവേണ്ടി വാദിക്കുകയും ഇവിടെ വന്ന് കുറ്റം പറയുകയും ചെയ്യുന്നതില്‍ ഞാന്‍ ശരിയായ രീതിയല്ല കാണുന്നത്. അത് ജനങ്ങളെ കബളിപ്പിക്കുന്നതായിട്ടേ തോന്നാറുള്ളൂ. രണ്ടുപേരില്‍ ആര് പാര്‍ലമെന്റില്‍ ചെന്നാലും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് സംസാരിക്കുക. അപ്പോള്‍ എന്തിനിവര്‍ നില്‍ക്കുന്നു എന്ന വല്ലാത്തചോദ്യം എന്റെ മനസ്സിലുണ്ട്. ഇത് ഇവിടുത്തെ ജനമെല്ലാം ചോദിക്കുന്ന ചോദ്യവുമാണ്’.-ബിഷപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

അതത് പ്രദേശത്തുനിന്നുള്ളവരുടെ പ്രതിനിധി അതത് പ്രദേശത്തു നിന്നുള്ളവരാകുന്നതാണ് നല്ലത്. വേദനയനുഭവിക്കുന്നവര്‍ പ്രശ്‌നങ്ങള്‍ ചെന്നുപറയുമ്പോള്‍ അതിന്റേതായ വ്യത്യസമുണ്ടാകും. പുറത്ത് ഒന്നുമില്ലാതെ ജീവിക്കുന്നവര്‍ പ്രതിനിധിയായി ചെന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ കുറവുകളുമുണ്ടാകും. വയനാട് ലോക്സഭാ മണ്ഡലമെന്നാല്‍ വയനാട് മാത്രം ഉള്‍ക്കൊള്ളുന്നതല്ല. കോഴിക്കോടിന്റേയും മലപ്പുറത്തിന്റേയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടെ നിന്നുള്ള ഒരാള്‍ ജനപ്രതിനിധിയായി വരണമെന്നാണ് ആഗ്രഹമെന്നും ബിഷപ്പ് പറയുന്നു.

പ്രസ്താവന ആയുധമാക്കി ബി.ജെ.പി.

ബിഷപ്പിന്റെ പ്രസ്താവന പ്രചാരണ ആയുധമാക്കുകയാണ് ബി.ജെ.പി. ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ വീഡിയോ രൂപത്തില്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.ബിഷപ്പിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നെന്നും വോട്ടര്‍മാര്‍ ആഗ്രഹിച്ച കാര്യമാണ് ബിഷപ്പ് പറഞ്ഞതെന്നുമാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ പറഞ്ഞത്.

ബിഷപ്പ് പറഞ്ഞത് കെ. സുരേന്ദ്രനു വേണ്ടിയല്ലെന്നും അദ്ദേഹം അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അങ്ങനെ ആശ്വസിക്കാനേ പറ്റൂ എന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പ്രതികരിച്ചു. വയനാടുമായി ചേര്‍ന്നു നില്‍ക്കുന്ന ആറളത്തു നിന്നുള്ള സ്ഥാനാര്‍ഥിയാണ് എല്‍.ഡി.എഫിന്റേത്. വയനാടിന്റെ അതേ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ഥലത്തു നിന്നാണ് അവര്‍ വരുന്നത്. തിരഞ്ഞെടുക്കപ്പെട്ട എം.പി. യില്‍ നിന്നും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സഹായമൊന്നും ലഭിച്ചില്ലെന്നാണ് ബിഷപ്പിന്റെ പ്രസ്താവനയിലൂടെ മനസ്സിലാക്കേണ്ടതെന്നും ഇ.ജെ. ബാബു പറഞ്ഞു.