പദ്മജ വേമണുഗോപാൽ, കെ. മുരളീധരൻ
തൃശ്ശൂര്‍: കെ. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മരണദിനത്തില്‍ മുരളീമന്ദിരത്തില്‍ 50 യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പദ്മജാ വേണുഗോപാല്‍ ബി.ജെ.പി. അംഗത്വം നൽകി.
ഇതിനെതിരേ കെ. മുരളീധരന്‍ രംഗത്തെത്തി. മുരളീമന്ദിരത്തില്‍ അമ്മയുടെ ഓര്‍മ്മദിനത്തില്‍ നടത്തിയ രാഷ്ട്രീയപരിപാടി തരംതാണതായിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. അമ്മ വീട്ടില്‍വരുന്ന എല്ലാവരെയും സ്വീകരിച്ച വ്യക്തിയാണ്. എന്നും കോണ്‍ഗ്രസായിരുന്ന അച്ഛന്റെ നിഴല്‍പറ്റിമാത്രം ജീവിച്ച ഒരാള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അന്ന് തൃശ്ശൂരിലെ ഐ.എന്‍.ടി.യു.സി. തൊഴിലാളികള്‍ ചുമടെടുത്ത് കൊണ്ടുവന്നുതരുന്ന പണം ഉപയോഗിച്ചായിരുന്നു ഞങ്ങള്‍ കഴിഞ്ഞത്. അങ്ങനെ കഴിഞ്ഞ പാരമ്പര്യത്തില്‍നിന്ന് കുടുംബത്തിലെ ഒരാള്‍ സംഘപരിവാര്‍ പാരമ്പര്യത്തിലേക്കു മാറിയെന്നു കരുതി ഇന്നത്തെ ദിനം ഇങ്ങനെ ഉപയോഗിക്കരുതായിരുന്നു. ഇനി കൂടുതല്‍ ജാഗ്രതയുണ്ടാകും. മുരളീമന്ദിരത്തിന്റെ കാര്യത്തില്‍ എന്നെയാരും ഉപദേശിക്കാന്‍ വരേണ്ട. 26-നുശേഷം നോക്കാമെന്നും മുരളി പറഞ്ഞു.
മുരളീമന്ദിരമെന്ന കെട്ടിടം എനിക്കുവേണ്ട. എന്നാല്‍, എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘപരിവാറുകാര്‍ക്ക് വിട്ടുകൊടുക്കില്ല. ഇങ്ങനെ നിലപാട് എടുത്തിരുന്നില്ലെങ്കില്‍ ഞാന്‍ സ്വയം ആ വീടിന്റെ അവകാശം അവര്‍ക്കെഴുതിക്കൊടുക്കുമായിരുന്നു. -മുരളി പറഞ്ഞു.
