ബോംബ് നിർമാണത്തിനിടെ സ്ഫോടനംനടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും | ഫയൽചിത്രം

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഎം വാദങ്ങൾ പൊളിച്ച് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സി.പി.എം. പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്നാണ് റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ ഇതുവരെ അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും ഡിവൈഎഫ്ഐ പ്രവർത്തകരോ ഭാരവാഹികളോ ആണ്. ഇവർക്കെല്ലാം ബോംബ് നിർമിക്കുന്നതിനെ കുറിച്ച് അറിയാമായിരുന്നുവെന്നും തെളിവുകൾ നശിപ്പിക്കാനടക്കം നേതാക്കൾ ശ്രമിച്ചിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31) ആണ് മുഖ്യസൂത്രധാരന്‍ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നായിരുന്നു ഇതുവരെ സിപിഎം വാദം. പ്രാദേശികവിഷയമാണെന്നും രണ്ട് സംഘങ്ങൾ തമ്മിലുള്ള പ്രശ്നത്തിന്റെ ഭാഗമായാണ് ബോംബ് നിർമാണമെന്നുമായിരുന്നു സിപിഎം നേതൃത്വം പറഞ്ഞിരുന്നത്.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേർത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നൽകാനുംവേണ്ടി പ്രവർത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ പ്രവർത്തകനാണ്. ഇപ്പോൾ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോൾ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞദിവസമാണ് പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ സി.പി.എം. പ്രവർത്തകനായ എലിക്കൊത്തിന്റെവിട ഷരിൽ(31) മരിച്ചിരുന്നു. മൂന്ന് സി.പി.എം. പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളൊഴിഞ്ഞസ്ഥലത്തെ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ടെറസിൽ വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്‌ഫോടനം.

അതേസമയം, കേസിൽ മൂന്നുപേരുടെ അറസ്റ്റ്കൂടി രേഖപ്പെടുത്തി. സ്‌ഫോടനം നടന്നയുടന്‍ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29), സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാറാട് പുത്തൂരില്‍ കല്ലായിന്റവിടെ അശ്വന്ത് (എല്‍ദോ-26) എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിഐ.ടി.യു. പ്രവര്‍ത്തകന്‍ കൂടിയായ അശ്വന്തിനെ ഡിസ്ചാര്‍ജ്‌ചെയ്തയുടനെയാണ് പോലീസ് അറസ്റ്റുചെയ്തത്. കൂത്തുപറമ്പ് അസി. പോലീസ് കമ്മിഷണര്‍ കെ.വി. വേണുഗോപാലിന്റെയും പാനൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. തമിഴ്‌നാട്ടിലെ ഉദുമല്‍പ്പേട്ടയില്‍ ഒളിവിലായിരുന്ന ഷിജാല്‍, കെ. അക്ഷയ് എന്നിവരെ കഴിഞ്ഞദിവസം കസ്റ്റഡിലെടുത്തിരുന്നു.

സ്റ്റീല്‍പ്പാത്രം എത്തിച്ചത് സബിന്‍ലാല്‍

സ്റ്റീല്‍ ബോംബ് നിര്‍മിക്കാന്‍ ചോറ്റുപാത്രംപോലുള്ള സ്റ്റീല്‍പ്പാത്രം വാങ്ങിനല്‍കിയത് സബിന്‍ ലാലാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാനൂരിന് പുറത്തുനിന്നാണ് ഇത് വാങ്ങിയത്. ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകന്‍ കുന്നോത്തുപറമ്പിലെ അമല്‍ ബാബു ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു. സ്‌ഫോടനംനടന്ന സ്ഥലത്ത് ആദ്യം എത്തിയതും പൊട്ടാത്ത ബോംബുകള്‍ 200 മീറ്റര്‍ ദൂരത്തേക്ക് എടുത്തുമാറ്റി ഒളിപ്പിച്ചതും സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചതും അമലാണ്.