Photo: PTI

ചണ്ഡീഗഢ്: ഐപിഎല്ലില്‍ തോറ്റെന്നുറപ്പിച്ച മത്സരം അവസാന ഓവറിലെ ബാറ്റിങ് വെടിക്കെട്ടോടെ ആവേശത്തിലാക്കിയെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് രണ്ടു റണ്‍സിന്റെ തോല്‍വി വഴങ്ങി പഞ്ചാബ് കിങ്‌സ്. ഗുജറാത്തിനെതിരായ മത്സരത്തിലെ താരങ്ങളായ ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയും തന്നെയാണ് അവസാന ഓവറുകളില്‍ ഹൈദരാബാദിന്റെ ചങ്കിടിപ്പേറ്റിയത്. ജയ്‌ദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 26 റണ്‍സെടുക്കാനേ ഇരുവര്‍ക്കുമായുള്ളൂ. ജയിച്ചെന്നുറപ്പിച്ച മത്സരത്തില്‍ ഹൈദരാബാദിന്റെ നെഞ്ചില്‍ തീ കോരിയിട്ടാണ് പഞ്ചാബിന്റെ കീഴടങ്ങല്‍. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സിലൊതുങ്ങി. അഞ്ചു മത്സരങ്ങളില്‍ ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്.

15.3 ഓവറില്‍ ആറിന് 114 റണ്‍സെന്ന നിലയില്‍ നിന്നാണ് ശശാങ്ക് – അശുതോഷ് സഖ്യം മത്സരം ആവേശകരമാക്കിയത്. 25 പന്തുകള്‍ നേരിട്ട ശശാങ്ക് ഒരു സിക്‌സും ആറ് ഫോറുമടക്കം 46 റണ്‍സോടെ ടോപ് സ്‌കോററായപ്പോള്‍ അശുതോഷ് 15 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 66 റണ്‍സാണ് മത്സരത്തെ ആവേശത്തിലാക്കിയത്.

ജോണി ബെയര്‍സ്‌റ്റോ (0), പ്രഭ്‌സിമ്രാന്‍ സിങ് (4), ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (14) എന്നിവര്‍ ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ പവലിയനില്‍ തിരിച്ചെത്തിയതോടെ പഞ്ചാബ് പ്രതിരോധത്തിലായിരുന്നു. തുടര്‍ന്ന് സാം കറനും സിക്കന്ദര്‍ റാസയും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം. എന്നാല്‍ 22 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 29 റണ്‍സെടുത്ത കറനെ പുറത്താക്കി നടരാജന്‍ ഹൈദരാബാദിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. അധികം വൈകാതെ 22 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 28 റണ്‍സുമായി റാസയും മടങ്ങിയതോടെ കളി വീണ്ടും ഹൈദരാബാദിന്റെ വരുതിയിലായി. പിന്നാലെ 11 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ജിതേഷ് ശര്‍മ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായി. എന്നാല്‍ തുടര്‍ന്നായിരുന്നു ശശാങ്ക് – അശുതോഷ് കൂട്ടുകെട്ടിന്റെ പിറവി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഹൈദരാബാദ് ടീം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തിരുന്നു. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സാം കറനും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിങ് തകര്‍ച്ചയ്ക്കിടെ നാലാമനായി ക്രീസിലെത്തി 37 പന്തില്‍ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 64 റണ്‍സെടുത്ത നിതിഷ് റെഡ്ഡിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 21 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കമിട്ട ട്രാവിസ് ഹെഡിനെ നാലാം ഓവറില്‍ മടക്കിയാണ് അര്‍ഷ്ദീപ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അതേ ഓവറിലെ നാലാം പന്തില്‍ ഏയ്ഡന്‍ മാര്‍ക്രവും (0) അര്‍ഷ്ദീപിനു മുന്നില്‍ വീണു. പിന്നാലെ 11 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ പുറത്താക്കി സാം കറനും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. തകര്‍ച്ചയ്ക്കിടെ ഇംപാക്റ്റ് പ്ലെയറായി രാഹുല്‍ ത്രിപാഠിയെ കൊണ്ടുവന്ന തീരുമാനവും പാളി. 14 പന്തില്‍ നിന്ന് 11 റണ്‍സുമായി യാതൊരു ഇംപാക്റ്റും ഉണ്ടാക്കാനാകാതെ താരം മടങ്ങി.

കഴിഞ്ഞ മത്സരങ്ങളില്‍ തല്ലുവാങ്ങിയെങ്കിലും വെടിക്കെട്ട് വീരന്‍ ഹെന്റിച്ച് ക്ലാസനെ (9) പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ കളി പഞ്ചാബിന്റെ വരുതിയിലാക്കി. ആറാം വിക്കറ്റില്‍ നിതീഷ് – അബ്ദുള്‍ സമദ് സഖ്യം കൂട്ടിച്ചേര്‍ത്ത 50 റണ്‍സാണ് ഹൈദരാബാദ് സ്‌കോര്‍ 150 കടത്തിയത്. 12 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 25 റണ്‍സെടുത്ത സമദിനെ 17-ാം ഓവറില്‍ പുറത്താക്കി അര്‍ഷ്ദീപ് രക്ഷയ്ക്കെത്തി. അതേ ഓവറിലെ അഞ്ചാം പന്തില്‍ നിതീഷും അര്‍ഷ്ദീപിനു മുന്നില്‍ വീണു. ഏഴു പന്തില്‍ നിന്ന് 14 റണ്‍സോടെ പുറത്താകാതെ നിന്ന ഷഹബാസ് അഹമ്മദാണ് ഹൈദരാബാദ് സ്‌കോര്‍ 182-ല്‍ എത്തിച്ചത്.