ധനുഷും ഐശ്വര്യയും | ഫോട്ടോ: http://www.instagram.com/aishwaryarajini/, എ.എഫ്.പി

തങ്ങൾ വിവാഹമോചിതരാവാൻ തീരുമാനിച്ചിരിക്കുകയാണെന്ന നടൻ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകർ അറിഞ്ഞത്. രണ്ടുവർഷം മുമ്പാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ വിവാഹമോചനം നേടുന്നതിന്റെ ഔദ്യോ​ഗികമായ നടപടികളിലേക്ക് ഇരുവരും കടന്നിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചെന്നൈയിലെ കുടുംബകോടതിയിൽ ധനുഷും ഐശ്വര്യയും വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷൻ 13 ബി പ്രകാരമാണ് രണ്ടുപേരും വിവാഹമോചനത്തിനായുള്ള അപേക്ഷ നൽകിയത്. ഇതിന്റെ നിയമനടപടികൾ ഉടൻ ആരംഭിക്കും. 2022 ജനുവരിയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്.

സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായുമുള്ള 18 വർഷങ്ങൾ. ഇന്ന് നാം നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരു സ്ഥലത്താണ് നിൽക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക എന്നായിരുന്നു ധനുഷ് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2004-ലായിരുന്നു ധനുഷും രജനികാന്തിന്റെ മകൾകൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ഇവർക്ക് യാത്ര, ലിം​ഗാ എന്നീ രണ്ട് മക്കളുമുണ്ട്. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായികയായി അരങ്ങേറുന്നത്. കഴിഞ്ഞവർഷം ലാൽസലാം എന്ന ചിത്രവും ഐശ്വര്യ സംവിധാനം ചെയ്തിരുന്നു. അരുൺ മാതേശ്വരൻ സംവിധാനംചെയ്ത ക്യാപ്റ്റൻ മില്ലറാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ധനുഷ്തന്നെ സംവിധാനം നിർവഹിക്കുന്ന രായൻ, അരുൺ മാതേശ്വരൻ ഒരുക്കുന്ന ഇളയരാജ ബയോപിക്ക് എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.