സാന്റിയുടെ കൈയിൽ വന്യജീവി പോറലേല്പിച്ച ഭാഗം
തച്ചമ്പാറ (പാലക്കാട്): പാലക്കയം ചീനിക്കപ്പാറയിലെ വീട്ടമ്മയെ വന്യജീവി ആക്രമിച്ചതോടെ പ്രദേശം ഭീതിയുടെ നിഴലില്‍. ഞായറാഴ്ച പകല്‍ രണ്ടുമണിയോടെയാണ് ചീനിക്കപ്പാറ ചെട്ടിപ്പറമ്പില്‍ വീട്ടില്‍ ഷിജുവിന്റെ ഭാര്യ സാന്റിയെ (30) വന്യജീവി ആക്രമിച്ചത്. വീടിന്റെ അടുക്കളഭാഗത്ത് പുറത്തിറങ്ങിയ സാന്റിക്കുനേരേ ചാടിവീഴുകയായിരുന്നു. ഇവരുടെ കവിളിലും കഴുത്തിലും കഴുത്തിനുപിന്‍ഭാഗത്തും കൈയ്ക്കും പരിക്കുണ്ട്.
ശരീരത്തിൽ മഞ്ഞനിറത്തിൽ കറുത്ത പുള്ളികളുള്ള ചെറിയജീവിയാണ് തന്റെനേർക്ക് കുതിച്ചുചാടിയതെന്നും ചെറിയ പുലിതന്നെയാണെന്നും വീട്ടമ്മ പറയുന്നു. മൂന്നാഴ്ചമുമ്പ് രാത്രി വന്യജീവി ഈ വീട്ടമ്മയെ ആക്രമിച്ചിരുന്നു. ഇതിന്റെ ചികിത്സ നടന്നുവരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
രാത്രിയായതിനാൽ ആക്രമിച്ച ജീവിയെ അന്ന് വ്യക്തമായി കണ്ടിരുന്നില്ല. മൂന്നാംതവണയാണ് ഈ ജീവി ആക്രമിച്ചതെന്ന് വീട്ടുകാർ പറയുന്നു. രണ്ടുമാസം മുമ്പും വീട്ടുമുറ്റത്ത് ഇതേ ജീവി എത്തിയിരുന്നു. പകലും ആക്രമണമുണ്ടായതോടെ നാട്ടുകാരും ഭീതിയിലാണ്. മൂന്നുകുട്ടികളടക്കം ഏഴുപേരാണ് ഷൈജുവിന്റെ വീട്ടിലുള്ളത്. പകൽ കുട്ടികളെ വീടിനുപുറത്ത് കളിക്കാൻവിടാൻപോലുമാകുന്നില്ല.
റോഡിന് സമാന്തരമായുള്ള വീടിന്റെ ഇരുവശങ്ങളിലും തോട്ടമാണ്. വീടിനുപിന്നിൽ തൊട്ടുടുത്ത് വലിയ പാറയുമുണ്ട്. ഒരു ഇലയനക്കംപോലും ഇപ്പോൾ ചെട്ടിപ്പറമ്പിൽ വീടിന്റെ സമാധാനം കെടുത്തുകയാണ്. ഓട്ടോഡ്രൈവർമാരായ ഷൈജുവിനും പിതാവിനും വീടിനുപുറത്തിറങ്ങാനും ഇപ്പോൾ ഭയമാണ്.
ഇവരുടെ വീടിനുസമീപത്തായി 20-ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വനമേഖലയിൽനിന്ന് ഏറെ മാറിയാണ് ചീനിക്കപ്പാറ പ്രദേശം. വന്യജീവിയുടെ ആക്രമണമുണ്ടായതോടെ വീടുകളിൽനിന്ന് സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാൻ ഭയക്കുകയാണ്.
വീട്ടമ്മയെ ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്തെത്തിയ മണ്ണാർക്കാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരേ നാട്ടുകാർ പ്രതിഷേധിച്ചു. ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടുവെച്ചതിൽ വിവാദം
വന്യജീവി മനുഷ്യനുനേരേ തിരിഞ്ഞതോടെ കൂടുവെച്ച് പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. മണ്ണാർക്കാട് ഡി.എഫ്.ഒ. സി. അബ്ദുൾ ലത്തീഫിന്റെ നിർദേശപ്രകാരം ഞായറാഴ്ച രാത്രി 11-നുതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ വീടിനുപിൻവശത്തായി കൂട് സ്ഥാപിച്ചു. വീടിന്റെ തൂണിൽ കൂടിനുസമീപം ക്യാമറയും വെച്ചു. പരിസരത്ത് അഞ്ച് ക്യാമറകൾകൂടി സ്ഥാപിച്ചതായി റേഞ്ചോഫീസർ എൻ. സുബൈർ അറിയിച്ചു.

ചീനിക്കപ്പാറ ചെട്ടിപ്പറമ്പിൽ വീട്ടിൽ ഷൈജുവിന്റെ ഭാര്യ സാന്റി. വന്യജീവി മുകളിലേക്ക് ചാടിയഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടും കാണാം.
അതേസമയം, വനംവകുപ്പ് സ്ഥാപിച്ചത് ചെറിയകൂടാണെന്ന് നാട്ടുകാർ ആരോപിച്ചു. കൂടിനുള്ളിൽ കോഴിയിറച്ചിക്കഷ്ണം മാത്രമാണ് വെച്ചിട്ടുള്ളതെന്നും പുലിയാണെങ്കിൽ ഈ കൂട് പര്യാപ്തമല്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, വീട്ടമ്മയെ നേരിൽക്കണ്ടതിന്റെയും മുറിവുകൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു കൂട് സ്ഥാപിച്ചതെന്ന് റേഞ്ചോഫീസർ പറഞ്ഞു.
ചെറിയപുലിയടക്കം കുടുങ്ങാൻ പര്യാപ്തമാണ് കൂടെന്നും ആക്രമിച്ചത് പുലിയല്ലെന്നും വളർത്തുമൃഗങ്ങളോ കുരങ്ങോ ആവാനാണ് സാധ്യതയെന്നും ഇദ്ദേഹം പറഞ്ഞു. വീട്ടമ്മയുടെ ശരീരത്തിലേറ്റ പോറലുകളും ആക്രമിച്ച സാഹചര്യവും സാമൂഹിക വനവത്കരണ വിദഗ്ധരുമായി പങ്കുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശത്ത് നിരീക്ഷണം തുടരുമെന്നും ഇദ്ദേഹം അറിയിച്ചു.
