ഷാജു
കൊല്ലം: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കാപ പ്രതിയെ പോലീസ് പിടികൂടി. മയ്യനാട് മുക്കം ചങ്ങാട്ടുവീട്ടിൽ ഷാജുവാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇയാളുടെ അയൽവാസിയായ സുനിലിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞുവളർന്ന മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിന് സുനിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഈ വിരോധത്തിലാണ് കഴിഞ്ഞദിവസം വെളുപ്പിന് മട്ടുപ്പാവിനു മുകളിൽ ഉറങ്ങിക്കിടന്ന സുനിലിനെ ഇയാൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
അസഭ്യംവിളിച്ചുകൊണ്ട് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനുനേരേ വെട്ടുകയായിരുന്നു. ഒഴിഞ്ഞതിനാൽ വെട്ട് കാലിൽക്കൊണ്ട് ആഴത്തിൽ മുറിവേറ്റു.
ഷാജു കഴിഞ്ഞവർഷം കാപ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞശേഷം 2023 മേയ് 25-നാണ് പുറത്തിറങ്ങിയത്. സുനിലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ വി.ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ. അജേഷ്‌കുമാർ, സി.പി.ഒ.മാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
