ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന കെകെആർ താരം സുനിൽ നരെയ്ൻ (Photo by DIBYANGSHU SARKAR / AFP)

‘ഐപിഎലിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായുള്ള സുനിൽ നരെയ്ന്റെ വളർച്ച ഞാൻ നേരിട്ടുകണ്ടതാണ്. ഒറ്റ രാത്രികൊണ്ടു സംഭവിച്ചതല്ല അത്. നരെയ്ൻ കടന്നുപോയ മാനസിക സമ്മർദങ്ങളെല്ലാം എനിക്കറിയാം. ബോളിങ് ആക്‌ഷന്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട്, വിലക്ക് നേരിട്ട ശേഷം വീണ്ടും ക്രിക്കറ്റിലേക്കു തിരിച്ചുവരുക എളുപ്പമല്ല. അതും പഴയതിനെക്കാൾ മികച്ച ഫോമിൽ’– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്റർ ആയി ചുമതലയേറ്റതിനു പിന്നാലെ ഗൗതം ഗംഭീർ നടത്തിയ പ്രസംഗത്തിൽ സുനിൽ നരെയ്നെക്കുറിച്ചു പറഞ്ഞതിങ്ങനെ.

2012ൽ കൊൽക്കത്ത ടീമിലെത്തിയ നരെയ്ൻ, കഴിഞ്ഞ 12 വർഷമായി ടീമിലെ ഏറ്റവും വിശ്വസ്തനായ ബോളറാണ്. ഗംഭീർ ക്യാപ്റ്റനായിരുന്ന കാലത്ത് നരെയ്നെ ഓപ്പണറാക്കി നടത്തിയ പരീക്ഷണം കൊൽക്കത്ത ടീമിന്റെ ആകെ ഘടനയിലുണ്ടാക്കിയ മാറ്റം ചെറുതല്ല. ഗംഭീർ മെന്ററുടെ റോളിൽ തിരിച്ചെത്തിയതോടെ വീണ്ടും ഓപ്പണർ പട്ടം കിട്ടിയ നരെയ്ൻ ഈ ഐപിഎൽ സീസണിലും മികവുതുടരുകയാണ്.

  • ഐപിഎൽ കരിയറിൽ ‌165 മത്സരങ്ങളിൽനിന്നായി 6.76 ഇക്കോണമിയിൽ 166 വിക്കറ്റാണ് നരെയ്ൻ സ്വന്തമാക്കിയത്.
  • ഐപിഎലിൽ കുറഞ്ഞത് 100 മത്സരങ്ങൾ കളിക്കുകയും 50 ഓവർ എങ്കിലും പന്തെറിയുകയും ചെയ്ത താരങ്ങളിൽ ഏറ്റവും മികച്ച ബോളിങ് ഇക്കോണമി നരെയ്ന്റെ (6.74) പേരിലാണ്. 6.75 ഇക്കോണമിയുള്ള റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്.
  • ഐപിഎലിലെ മൂന്നാമത്തെ വേഗമേറിയ അർധ സെഞ്ചറി (15 പന്തിൽ) നരെയ്ന്റെ പേരിലാണ്. യശസ്വി ജയ്സ്വാൾ (13), കെ.എൽ.രാഹുൽ, പാറ്റ് കമിൻസ് (രണ്ടുപേരും 14 പന്തിൽ) ആണ് ആദ്യ സ്ഥാനങ്ങളിൽ.
  • ഐപിഎലിൽ ഒരു ടീമിനു വേണ്ടി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് നരെയ്ൻ. കൊൽക്കത്തയ്ക്കു വേണ്ടി 166 വിക്കറ്റാണ് നരെയ്ന്റെ സമ്പാദ്യം. മുംബൈ ഇന്ത്യൻസിനു വേണ്ടി 170 വിക്കറ്റുകൾ നേടിയ ലസിത് മലിംഗയാണ് പട്ടികയിൽ ഒന്നാമത്.
  • ഐപിഎലിൽ ഏറ്റവുമധികം തവണ 4 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബോളറാണ് നരെയ്ൻ– 8 തവണ.
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ് നരെയ്ന്റെ പേരിലാണ് (163.41). ആന്ദ്രെ റസൽ (176.11), ലിയാം ലിവിങ്സ്റ്റൻ (165.22) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.