കങ്കണയും മെഴ്‌സിഡീസ് ബെൻസ് മെയ്ബ ജി.എൽ.എസ് 600 | Photo: Social Media.

മെയ്ബ് ജി.എല്‍.എസ്.600-ന് 2.43 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ബോളിവുഡില്‍ എണ്ണംപറഞ്ഞ വാഹനപ്രേമികള്‍ നിരവധിയുണ്ടെങ്കിലും മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര സെഡാന്‍ മോഡലായ മെയ്ബ എസ് 680 സ്വന്തമാക്കിയ ബോളിവുഡ് താരം കങ്കണ റണൗട്ട് ആയിരുന്നു. ഈ വാഹനത്തിന് പിന്നാലെ കങ്കണയുടെ ഗ്യാരേജിലേക്ക് മറ്റൊരു മെയ്ബ കൂടി എത്തിയിരിക്കുകയാണ്. സെലിബ്രിറ്റി ചോയിസായ മെഴ്‌സിഡീസ് ബെന്‍സ് മെയ്ബ ജി.എല്‍.എസ് 600 ആണ് കങ്കണയുടെ വാഹന ശേഖരത്തിലെ രണ്ടാമത്തെ മെയ്ബ.

കഴിഞ്ഞ ദിവസമാണ് കങ്കണ പുതിയ മെയ്ബയില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. മുമ്പുണ്ടായിരുന്നു വാഹനം മാറി പുതിയത് വാങ്ങിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മെയ്ബ ജി.എല്‍.എസ്.600-ന് 2.43 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കങ്കണ മുമ്പ് സ്വന്തമാക്കിയ എസ് 680 മെയ്ബയ്ക്ക് 3.6 കോടി രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ബി.എം.ഡബ്ല്യു, ഔഡി ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങളും കങ്കണയ്ക്കുണ്ട്.

മെഴ്സിഡീസ് എസ്.യു.വി. നിരയിലെ അത്യാഡംബര മോഡലാണ് മെയ്ബ ജി.എല്‍.എസ്.600. മെയ്ബയുടെ സിഗ്‌നേച്ചര്‍ അലങ്കാരത്തോടെ ഒരുങ്ങിയിട്ടുള്ള എക്സ്റ്റീരിയറും അത്യാഡംബര സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഇന്റീരിയറുമാണ് മെയ്ബയുടെ ഹൈലൈറ്റ്. 4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ മെയ്ബ ലഭ്യമാണ്. സ്ലൈഡ് ചെയ്യാനും ടില്‍റ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സണ്‍റൂഫ്, ആള്‍ട്ര കംഫോര്‍ട്ടബിള്‍ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ് സീറ്റുകള്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കാര്‍ ഡിസ്പ്ലേ സ്‌ക്രീനുകള്‍ തുടങ്ങി നീളുന്നതാണ് ഇതിലെ ആഡംബരം.

4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മെയ്ബാ ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 549 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് സെലിബ്രിറ്റി ചോയിസായി മാറിയ മോഡല്‍ കൂടിയാണ് മെയ്ബ ജി.എല്‍.എസ്600 എസ്.യു.വി. മലയാളി താരം ദുല്‍ഖര്‍ സല്‍മാന്‍, ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, തപ്സി പന്നു, നീതു സിങ്ങ്, തെലുങ്ക് നടന്‍ രാം ചരണ്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങള്‍ ഈ വാഹനത്തിന്റെ സെലിബ്രിറ്റി ഉടമകളാണ്.