പ്രതീകാത്മക ചിത്രം

കണ്ണൂര്‍: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിന് സമീപത്തുവെച്ച് ട്രെയിനിലെ എ.സി. കോച്ചുകളിലാണ് മോഷണം നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ഫോണുകളും പണവും ആഭരണങ്ങളും ഉള്‍പ്പെടെ ട്രെയിനില്‍നിന്ന് മോഷ്ടിച്ചതായാണ് പരാതി.

യാത്രക്കാര്‍ ഉറങ്ങുന്ന സമയത്താണ് കവര്‍ച്ചാസംഘം ഇവരുടെ ബാഗുകള്‍ കവര്‍ന്നത്. തുടര്‍ന്ന് മൊബൈല്‍ഫോണും പണവും അടക്കമുള്ളവ കവര്‍ന്നശേഷം ബാഗുകള്‍ ട്രെയിനിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാര്‍ പിന്നീട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്.

ട്രെയിനിലെ ബി3,ബി5,എ1 കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായതെന്നാണ് വിവരം. അതേസമയം, മോഷണം സംബന്ധിച്ച് സേലത്ത് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആര്‍.പി.എഫ്. അധികൃതരുടെ പ്രതികരണം. ട്രെയിനില്‍നിന്ന് രണ്ട് മൊബൈല്‍ഫോണുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെടുത്തത് ചിലര്‍ ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ ഉടമസ്ഥരെ വിവരമറിയിച്ചതായും സേലത്തെ ആര്‍.പി.എഫ്. അധികൃതര്‍ പ്രതികരിച്ചു.

അതിനിടെ, രാവിലെ കണ്ണൂരിലെത്തിയ ട്രെയിനില്‍ ആര്‍.പി.എഫും റെയില്‍വേ പോലീസും സംയുക്തമായി പരിശോധന നടത്തി. മോഷണം നടന്നതായി പറയുന്ന എ.സി. കോച്ചുകളും പോലീസ് സംഘം പരിശോധിച്ചു.