പ്രകാശ് അംബേദ്കർ | Photo: ANI

മുംബൈ: മഹാരാഷ്ട്രയില്‍ വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ.) നേതാവ് പ്രകാശ് അംബേദ്കറെ രാജ്യസഭാസീറ്റ് നല്‍കി അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശരദ്പവാര്‍ വിഭാഗം എന്‍.സി.പി.യും ഉദ്ധവ്താക്കറെ നേതൃത്വം നല്‍കുന്ന ശിവസേനയും ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡി, പ്രകാശ് അംബേദ്കറെക്കൂടി ഉള്‍പ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഫലം കാണാതിരുന്നതോടെ പ്രകാശ് അംബേദ്കര്‍ 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ബി.ജെ.പി. ക്കെതിരേയുള്ള വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അംബേദ്കറെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ്.

അകോല മണ്ഡലത്തിലാണ് അംബേദ്കര്‍ മത്സരിക്കുന്നത്. മത്സരരംഗത്തുനിന്ന് പിന്‍മാറുകയാണെങ്കില്‍ രാജ്യസഭാസീറ്റാണ് പ്രകാശ് അംബേദ്കര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

2019 ലോക്സഭാതിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി മത്സരിച്ചതോടെ കോണ്‍ഗ്രസിന് ഒമ്പത് മണ്ഡലങ്ങളില്‍ പരാജയം നേരിടേണ്ടിവന്നിരുന്നു.