ബോംബ് നിർമാണത്തിനിടെ സ്ഫോടനംനടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും
കണ്ണൂർ: പാനൂർ സ്ഫോടനകേസിൽ നിരപരാധികളായ ഡിവൈഎഫ്ഐ നേതാക്കളെ പ്രതികളാക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദത്തെ തള്ളി പോലീസ്. അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബുവിനെതിരെ തെളിവുണ്ടെന്ന് പോലീസ് റിപ്പോർട്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സ്ഫോടനം നടന്ന ഉടനെ അമൽ സംഭവസ്ഥലത്തെത്തി. പ്രദേശത്തുണ്ടായിരുന്ന മറ്റു ബോംബുകൾ 200 മീറ്റർ അകലെ ഒളിപ്പിച്ചുവച്ചു. കൂടാതെ സംഭവസ്ഥലത്ത് മണൽ കൊണ്ടുവന്നിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബോംബ് നിർമ്മിച്ചവരുമായി ഇയാൾ ഫോണിൽ ആശയവിനിമയം നടത്തിയത് സംബന്ധിച്ച തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സി.പി.എമ്മിന്റെ കുന്നോത്ത് പറമ്പിലെ വൊളന്റിയർ ക്യാപ്റ്റനാണ് അമൽ ബാബു. നേരത്തെ ഡി.വൈ.എഫ്.ഐയുടെ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേർത്തതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നൽകാനുംവേണ്ടി പ്രവർത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ. പ്രവർത്തകനാണ്. ഇപ്പോൾ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോൾ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞദിവസമാണ് പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ സി.പി.എം. പ്രവർത്തകനായ എലിക്കൊത്തിന്റെവിട ഷരിൽ(31) മരിച്ചിരുന്നു. മൂന്ന് സി.പി.എം. പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളൊഴിഞ്ഞസ്ഥലത്തെ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ടെറസിൽ വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്‌ഫോടനം.
