Photo: PTI, AFP

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കെതിരേ മുന്‍കാലത്ത് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ളയാളാണ് സഹതാരം കൂടിയായിരുന്ന ഗൗതം ഗംഭീര്‍. 2011 ലോകകപ്പ് ഫൈനലിലെ ധോനിയുടെ ഇന്നിങ്‌സിനെ പുകഴ്ത്തുന്നതിനെതിരെയായിരുന്നു പലപ്പോഴും ഗംഭീറിന്റെ വാക്കുകള്‍. എന്നാലിപ്പോഴിതായ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ധോനിയെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരത്തിനു മുമ്പാണ് കൊല്‍ക്കത്തയുടെ മെന്റര്‍ കൂടിയായ ഗംഭീറിന്റെ പ്രതികരണം.

ധോനിയുടെ അത്രയും മികവിലെത്താന്‍ നിലവില്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയില്‍ പങ്കെടുക്കവെ ഗംഭീര്‍ പറഞ്ഞു. ”ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോനി. മൂന്ന് ഐസിസി കിരീടങ്ങളാണ് അദ്ദേഹത്തിനുള്ളത്. മറ്റാര്‍ക്കും ആ മികവിലേക്കെത്താന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. വിദേശത്ത് പരമ്പര ആര്‍ക്കും നേടാം. എന്നാല്‍ ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമുള്ള കാര്യമല്ല. ഐപിഎല്ലിലെ ഓരോ നിമിഷവും ആസ്വദിക്കുന്നയാളാണ് ധോനി. മികച്ച തന്ത്രശാലി. സ്പിന്നര്‍മാരെ എങ്ങനെ നിയന്ത്രിക്കണമെന്നും ഫീല്‍ഡ് ക്രമീകരിക്കേണ്ടത് എങ്ങനെയെന്നും മികച്ച ബോധ്യവും അദ്ദേഹത്തിനുണ്ട്. ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്ന ഘട്ടമാണെങ്കില്‍ പോലും ക്രീസിലുണ്ടെങ്കില്‍ ധോനി കളി ജയിപ്പിച്ചിരിക്കും” , ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.