(Representative image by fatido/istockphoto)
തൃശൂർ∙ എരുമപ്പെട്ടിയിൽ മൂന്നുകുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണു മരിച്ചത്. കിണറ്റിൽ വീണ സയന (29), ഒന്നരവയസ്സുള്ള മകൾ ആഗ്നിക എന്നിവരെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2.20ഓടെയാണ് വെള്ളാറ്റഞ്ഞൂർ പള്ളിക്കു സമീപം താമസിക്കുന്ന പുന്തുരത്തിൽ വീട്ടിൽ അഖിലിന്റെ ഭാര്യ സയന (29) മൂന്നുകുട്ടികൾക്കൊപ്പം കിണറ്റിൽ ചാടിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുകുട്ടികൾ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും ഒന്നരവയസ്സുകാരി മകളും അപകടനിലതരണം ചെയ്തു. സയന കിണറ്റിൽ ചാടുമ്പോൾ ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ തർക്കമാണ് യുവതിയെ ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
