പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവുമായി രവീന്ദ്ര ജഡേജ (Photo: X/ @ChennaiIPL)

ചെന്നൈ ∙ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് വിജയം നേടിയപ്പോൾ കളിയിലെ താരമായത് രവീന്ദ്ര ജഡേജയായിരുന്നു. സൂപ്പർ കിങ്സിനായി ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്‌വാദ് അർധ സെഞ്ചറി നേടിയെങ്കിലും കൊൽക്കത്തയെ ചെറിയ സ്കോറിൽ ഒതുക്കിയത് ജഡേജയുടെ കൂടി ബോളിങ് മികവിലാണ്. മത്സരത്തിൽ 4 ഓവർ എറിഞ്ഞ താരം 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റാണ് പിഴുതത്.

പ്രസന്റേഷൻ സെറിമണിക്കിടെ തനിക്ക് വിളിപ്പേരില്ല എന്ന പരിഭവം ജഡേജ പങ്കുവച്ചിരുന്നു. എം.എസ്.ധോണിയെ ‘തല’യെന്നും സുരേഷ് റെയ്നയെ ‘ചിന്ന തല’യെന്നും ആരാധകർ വിളിച്ചിരുന്നു. തനിക്കുള്ള വിളിപ്പേര് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ആരാധകർ ഉടൻ തരുമെന്നാണ് കരുതുന്നതെന്നും ജഡേജ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു പറഞ്ഞു. താരത്തിന്റെ പരാതി സിഎസ്കെ ഗൗരവമായി തന്നെ എടുത്തു.

‘ദളപതി’ എന്ന പേരുനൽകിയാണ് സിഎസ്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ജഡേജയുടെ ചിത്രം പോസ്റ്റുചെയ്തത്. വിളിപ്പേരിനെക്കുറിച്ച് അഭിപ്രായം പറയാൻ ജഡേജ എത്തിയില്ലെങ്കിലും ആരാധകരുടെ കമന്റുകൾ നിരവധിയാണ്. ദളപതി’ എന്ന പേര് സിനിമാ താരം വിജയ്ക്ക് നല്‍കിയതാണെന്നും അതു മറ്റൊരാൾക്ക് നൽകാനാവില്ലെന്നും ചിലർ പറഞ്ഞു. എന്നാൽ ദളപതി എന്ന പേര് ജ‍ഡ്ഡുവിന് അനുയോജ്യമാണെന്നും അത് അർഹിക്കുന്നുണ്ടെന്നും ചിലർ കമന്റ് ചെയ്തു.

അതേസമയം നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ അപൂര്‍വ നേട്ടവും ജഡേജ സ്വന്തമാക്കി. ഐപിഎലില്‍ 1000 റണ്‍സും 100 വിക്കറ്റുകളും 100 ക്യാച്ചുകളും നേടുന്ന ആദ്യ താരമായി ജഡേജ മാറി. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയെ137 റണ്‍സില്‍ ഒതുക്കാന്‍ ചെന്നൈക്കായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 14 പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കേ വിജയലക്ഷ്യം മറികടന്നു.