മണിക് സർക്കാർ, കോൺഗ്രസ് കൊടി | Photo: PTI, AFP

”ഗൊണതൊന്ത്രോ ബച്ചാത്തേ ഹാത്ത് ഛിനേ വോട്ട് ദിന്‍”- പൊരിവെയിലത്ത് ത്രിപുരയുടെ തലസ്ഥാനനഗരിക്കടുത്ത് നതുന്‍നഗറില്‍ തിരഞ്ഞെടുപ്പുറാലിയില്‍ മണിക് സര്‍ക്കാര്‍ പ്രസംഗിക്കുകയാണ്. സി.പി.എമ്മിന്റെ ഇന്ത്യയിലെ തലമുതിര്‍ന്നനേതാവും മുന്‍മുഖ്യമന്ത്രിയുമായ അദ്ദേഹം ഇവിടെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആശിഷ് കുമാര്‍ സാഹയെ ചേര്‍ത്തുനിര്‍ത്തിയാണ് സംസാരിക്കുന്നത്. ”ജനാധിപത്യം നിലനില്‍ക്കാന്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യൂ. മറ്റുമാര്‍ഗമില്ല, ബി.ജെ.പി.ക്കെതിരേ ആരൊക്കെ നില്‍ക്കുന്നോ അവരെയൊക്കെ കൂട്ടുപിടിക്കുക എന്നതല്ലാതെ നിലനില്‍പ്പില്ല” -അദ്ദേഹം പ്രസംഗം തുടർന്നു.

മലയാളികള്‍ക്ക് പരിചയമില്ലാത്ത സി.പി.എമ്മിനെയാണ് ത്രിപുരയില്‍ കാണുക. കേരളത്തില്‍ കോണ്‍ഗ്രസിന് ഒന്നിനെതിരേ നൂറ് എന്ന കണക്കില്‍ ആക്ഷേപശരങ്ങള്‍ തൊടുക്കുന്ന ഇടതുപക്ഷത്തിനും വാളയാറിനപ്പുറം ചുവപ്പുകൊടിയെവിടെ എന്ന് പരിഹസിക്കുന്ന കോണ്‍ഗ്രസിനും ഇവിടെ മുന്നിലുള്ളത് പൊള്ളുന്ന യാഥാര്‍ഥ്യമാണ്. അധികാരവും പണവും ആള്‍ബലവും എല്ലാമുള്ള ബി.ജെ.പി.യെ നേരിടാന്‍ ഒന്നിച്ചുനില്‍ക്കുകയല്ലാതെ മാര്‍ഗമില്ല. ഇന്ത്യമുന്നണിയുടെ പോരാട്ടമാണിവിടെ നടക്കുന്നത്.

ത്രിപുരയിലെ തിരഞ്ഞെടുപ്പു റാലിയില്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ മണിക് സര്‍ക്കാര്‍ (ഇടത്) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സംസ്ഥാന പ്രസിഡന്റുമായ ആശിഷ് കുമാര്‍ സാഹയോടൊപ്പം (വലത്തേയറ്റം).

ത്രിപുര വെസ്റ്റ് സീറ്റില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആശിഷ് കുമാര്‍ സാഹയാണ് മുന്നണി സ്ഥാനാര്‍ഥി. ഈസ്റ്റില്‍ സി.പി.എമ്മിന്റെ രാജേന്ദ്ര റിയാങ്ങും. നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗര്‍ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ രത്തന്‍ ദാസും മത്സരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതുകൊണ്ടാകാം മേലാര്‍മത്തിലെ സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ബഹളമൊന്നും കാണാനില്ല. 11 മണിയോടെ മണിക് സര്‍ക്കാര്‍ ഓഫീസിലെത്തുമ്പോഴും രണ്ടോമൂന്നോ നേതാക്കള്‍ മാത്രമാണ് അവിടെയുള്ളത്. അവരാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നില്ല. സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗധരി പ്രചാരണത്തിനുപോയിരിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിച്ച നേതാക്കള്‍ ത്രിപുരയിലെ സാധ്യതയെക്കുറിച്ച് കാര്യമായി ഒന്നും പ്രതികരിച്ചില്ല. എല്ലാം മണിക് സര്‍ക്കാര്‍ പറയുമെന്ന് മറുപടി.

കോണ്‍ഗ്രസ് ഓഫീസില്‍ നിറയെ അശിഷ് സാഹയുടെ െഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൂട്ടിയിട്ടിരിക്കുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും ഇനിയും നിരത്താന്‍ ഏറെയുണ്ട്. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടികള്‍ ഒന്നിച്ചുകെട്ടിയ പ്രചാരണവാഹനം നിര്‍ത്തിയിട്ടിരിക്കുന്നു. ഓഫീസിനുള്ളില്‍ സി.പി.എമ്മിന്റെയും കൊടികള്‍ സൂക്ഷിച്ചിരിക്കുന്നു. സ്ഥാനാര്‍ഥി പ്രചാരണത്തിന് പോയിരിക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സുദീപ് റോയ് ബര്‍മന്‍ വൈകീട്ടോടെ എത്തുമെന്ന് ജില്ലാപ്രസിഡന്റ് തന്‍മയി റോയ് പറഞ്ഞു.

തെക്കേ ഇന്ത്യയില്‍ ”എന്തായാലും ബി.ജെ.പി.ക്ക് സാധ്യതയില്ലല്ലോ, അല്ലേ” – മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ചോദ്യം. പ്രചാരണരംഗത്ത് ബി.ജെ.പി. വളരെ മുന്നിലാണല്ലോ എന്ന ചോദ്യത്തിന് സി.പി.എമ്മിനും കോണ്‍ഗ്രസിനും ഒറ്റ ഉത്തരം മാത്രം- ”അവരുടെ കൈയില്‍ കാശുണ്ട്.” അതു ശരിയാണെന്ന് ബി.ജെ.പി. ഓഫീസില്‍ എത്തിയാലറിയാം. മാര്‍ച്ച് 31 അടുത്തപ്പോള്‍ ഒരു ഓഡിറ്ററുടെ ഓഫീസിലെത്തിയ പ്രതീതി. ആകെ കണക്കെടുപ്പാണ്. വന്‍തിരക്ക്. സംസ്ഥാന ട്രഷററാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി മണിക് സാഹയും സംസ്ഥാന പ്രസിഡന്റ് രാജീവ് ഭട്ടാചാര്യയും വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ബിപ്ലബ് ദേവും ജിറാനിയയിലാണ്. ആദിവാസികളുടെ കോട്ടയായ അവിടെ തിപ്രമോത്തയുടെ തലവന്‍ പ്രദ്യോത് ദേബ് ബര്‍മനുള്‍പ്പെട്ട സംയുക്ത പൊതുയോഗം നടക്കുകയാണ്.

തിപ്രമോത്ത സര്‍ക്കാരില്‍ ചേര്‍ന്നശേഷം ആദ്യമായി ഇരുകൂട്ടരും ഒന്നിച്ചുനടത്തുന്ന റാലിയാണ്. മറ്റുപ്രദേശങ്ങളിലെപ്പോലെത്തന്നെ സമ്മേളനം നടക്കുന്നിടത്തേക്കു പോകുന്നവഴിയിലും ബി.ജെ.പി.യുടെയും തിപ്രമോത്തയുടെയുംമാത്രം കൊടികള്‍. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ വീടുകള്‍ക്കുമുന്നില്‍പ്പോലും ബി.ജെ.പി. കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു. ഊരിമാറ്റാന്‍ ആര്‍ക്കും ധൈര്യമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അങ്ങനെ കൊടി ഊരിമാറ്റിയ ഒരാളുടെ വീട് പൂര്‍ണമായി തകര്‍ക്കുകയും തീയിടുകയും ചെയ്തിരുന്നു. ഇന്നും അയാള്‍ എവിടെയോ ഒളിച്ചുതാമസിക്കുകയാണ്. കോണ്‍ഗ്രസ് ഓഫീസില്‍ നിരത്താതെ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നതും ഈ പേടികൊണ്ടാണെന്ന് പാര്‍ട്ടി ഓഫീസിനുപുറത്ത് ചായക്കട നടത്തുന്ന ദീപക് പറഞ്ഞു.

തിപ്രമോത്തയുടെ വോട്ടുപിടിക്കാന്‍ ‘ഇന്ത്യ’

ബി.ജെ.പി.യെ എതിര്‍ത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഒരു വര്‍ഷത്തിനുശേഷം ബി.ജെ.പി.ക്കൊപ്പം സര്‍ക്കാരില്‍ ചേരുകയുംചെയ്ത തിപ്രമോത്തയോട് അണികളില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ട്. ആദിവാസികളെ വഞ്ചിച്ച തിപ്രമോത്തയോടുള്ള പ്രതിഷേധവോട്ടുകള്‍ തങ്ങള്‍ക്ക് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും സി.പി.എമ്മും. തിപ്രമോത്തയുടെ നിലപാടുമാറ്റത്തില്‍ ആദിവാസികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. എന്നാല്‍, അത് ചുരുക്കം ചില പോക്കറ്റുകളില്‍ മാത്രമായി ഒതുങ്ങുമെന്നാണ് അവരുടെ പ്രതീക്ഷ. അതിനെ ഒതുക്കിനിര്‍ത്താനുള്ള തുറുപ്പുചീട്ടുകള്‍ ഓരോന്നായി ബി.ജെ.പി. പുറത്തിറക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുന്നതില്‍ മണിക് സര്‍ക്കാരിന് ആദ്യം എതിര്‍പ്പുണ്ടായിരുന്നതായി സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിച്ചാണ് മത്സരിച്ചത്. സി.പി.എം. വോട്ടുകള്‍ കോണ്‍ഗ്രസിന് ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സി.പി.എം. സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ വോട്ടുനില ആറുശതമാനം ഉയര്‍ന്നു. സി.പി.എമ്മിന് കാര്യമായ നേട്ടമുണ്ടായില്ല. താഴേത്തട്ടില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള ഐക്യപ്പെടല്‍ നടപ്പാക്കിയെടുക്കുകയെന്നതാണ് ഇരുപാര്‍ട്ടികളും നേരിടുന്ന വെല്ലുവിളി.

ബി.ജെ.പി.യുടെ വിഴുങ്ങല്‍

ചെറുകക്ഷികള്‍ക്കൊപ്പം സര്‍ക്കാരില്‍ ചേരുകയും പിന്നീട് അവയെ വിഴുങ്ങി വളരുകയും ചെയ്യുന്നതാണ് ബി.ജെ.പി.യുടെ രീതി. കര്‍ണാടകയിലും ബിഹാറിലും മഹാരാഷ്ട്രയിലുമൊക്കെ ഇതുകണ്ടതാണ്. ത്രിപുരയിലും ഇത് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം മാണ്ഡായി മേഖലയില്‍ തിപ്രമോത്തക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതിന്റെ കാരണം തിപ്രമോത്തയുടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം ബി.ജെ.പി.യില്‍ ചേര്‍ന്നതാണ്. വെസ്റ്റ് മണ്ഡലത്തില്‍ ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തിപ്രമോത്ത പ്രവര്‍ത്തകര്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തണമെന്ന് പാര്‍ട്ടിയുടെ നിര്‍ദേശമുണ്ട്. അതുപ്രകാരം ഇവിടെ ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ പിന്നീട് ബി.ജെ.പി.യില്‍ ചേര്‍ന്നത് പ്രദേശത്തെ തിപ്രമോത്തയുടെ മറ്റുപ്രവര്‍ത്തകര്‍ ചോദ്യംചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.