Photo | AFP
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ അപൂര്‍വ നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐ.പി.എലില്‍ 1000 റണ്‍സും 100 വിക്കറ്റുകളും 100 ക്യാച്ചുകളും നേടുന്ന ആദ്യ താരമായി ജഡേജ മാറി.
കൊല്‍ക്കത്തയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ജഡേജ മൂന്നുപേരെ പുറത്താക്കുകയും രണ്ട് ക്യാച്ചുകള്‍ നേടുകയും ചെയ്തിരുന്നു. സുനില്‍ നരെയ്ന്‍, അങ്ക്രിഷ് രഘുവന്‍ഷി, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി. ഫില്‍ സാള്‍ട്ട്, ശ്രേയസ് അയ്യര്‍ എന്നിവരെ ക്യാച്ചിലൂടെയും പുറത്താക്കി. നാലോവറില്‍ 18 റണ്‍സ് മാത്രമാണ് ജഡേജ വഴങ്ങിയത്.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചു. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയെ നിശ്ചിത 20 ഓവറില്‍ 137 റണ്‍സില്‍ ഒതുക്കാന്‍ ചെന്നൈക്കായി. ജഡേജയും തുഷാന്‍ ദേശ്പാണ്ഡെയും മൂന്ന് വിക്കറ്റ് നേടി. മുസ്താഫിസുര്‍റഹ്‌മാന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 14 പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കേ, 141 റണ്‍സെടുത്ത് ജയിച്ചു. 58 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
