എതിർ ടീം താരത്തെ ത‌ള്ളിയിടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽനിന്ന്)

അബുദാബി ∙ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി. 61–ാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72–ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി വലകുലുക്കിയത്. 86–ാം മിനിറ്റില്‍, എതിര്‍ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ റോണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെയാണ് അൽ നസ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒട്ടാവിയോ അൽ നസ്റിനായി വലകുലുക്കി. എന്നാൽ പാസ് നൽകിയ റൊണാൾഡോയ്ക്കെതിരെ റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ റഫറിയോട് കയർത്ത റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ് നൽകി. രണ്ടാം പകുതിയിൽ അൽ ഹിലാൽ രണ്ട് ഗോൾ നേടിയ ശേഷമായിരുന്നു കാര്യങ്ങൾ കൂടുതൽ മോശമായത്. എതിർ ടീമിലെ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാവുകയും റോണാൾഡോയ്ക്കെതിരെ ട്രോളുകൾ പുറത്തിറങ്ങുകയും ചെയ്തു.