Photo: PTI

ചെന്നൈ: രണ്ട് തുടര്‍തോല്‍വികള്‍ക്കു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും വിജയവഴിയില്‍. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് അര്‍ധ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ മൂന്നു വിക്കറ്റുമാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു.

58 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 67 റണ്‍സോടെ പുറത്താകാതെ നിന്ന ഋതുരാജാണ് ടീമിന്റെ ടോപ് സ്‌കോറര്‍. എട്ടു പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റണ്‍സെടുത്ത ഓപ്പണര്‍ രചിന്‍ രവീന്ദ്ര പുറത്തായ ശേഷമെത്തിയ ഡാരില്‍ മിച്ചല്‍, ക്യാപ്റ്റന്‍ ഉറച്ച പിന്തുണ നല്‍കി. 19 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മിച്ചല്‍, ഋതുരാജിനൊപ്പം 70 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.

മിച്ചല്‍ പുറത്തായ ശേഷമെത്തിയ ശിവം ദുബെ 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 28 റണ്‍സെടുത്തു. ധോനി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരടങ്ങിയ കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ.

നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് കൊല്‍ക്കത്ത ബാറ്റര്‍മാര്‍ക്ക് മൂക്കുകയറിട്ടത്. തുഷാര്‍ ദേശ്പാണ്ഡെ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ടു വിക്കറ്റുമായി തിളങ്ങി. മുസ്തഫിസുറിന്റെ അവസാന ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. രണ്ടു വിക്കറ്റുകളും നഷ്ടമായി.

31 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വെറും മൂന്ന് ബൗണ്ടറികള്‍ മാത്രമായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിനെ (0) പുറത്താക്കിയ തുഷാര്‍ ദേശ്പാണ്ഡെ ചെന്നൈക്ക് സമ്മാനിച്ചത് മിന്നുന്ന തുടക്കം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സുനില്‍ നരെയ്ന്‍ – ആംഗ്രിഷ് രഘുവംശി സഖ്യം പവര്‍പ്ലേയില്‍ 56 റണ്‍സ് ചേര്‍ത്ത് ഇന്നിങ്‌സ് ട്രാക്കിലാക്കി. പക്ഷേ ഏഴാം ഓവറിലെ ആദ്യ പന്തില്‍ രഘുവംശിയേയും അഞ്ചാം പന്തില്‍ നരെയ്‌നെയും മടക്കിയ ജഡേജ കളി വീണ്ടും ചെന്നൈയുടെ വരുതിയിലാക്കി. 18 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 24 റണ്‍സായിരുന്നു രഘുവംശിയുടെ സമ്പാദ്യം. നരെയ്ന്‍ 20 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 27 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ വെങ്കടേഷ് അയ്യരേയും (3) ജഡേജ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. റിങ്കു സിങ്ങിന് 14 പന്തില്‍ നിന്ന് നേടാനായത് വെറും ഒമ്പത് റണ്‍സ് മാത്രം. 10 പന്ത് നേരിട്ട ആന്ദ്രേ റസ്സല്‍ എടുത്തത് 10 റണ്‍സ്. 13 റണ്‍സെടുത്ത രമണ്‍ദീപ് സിങ്ങാണ് പുറത്തായ മറ്റൊരു താരം.