Photo | AFP

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിനുടമയായിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം യഷ് താക്കൂര്‍. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് താക്കൂറിന്റെ ബൗളിങ്ങാണ്. 3.5 ഓവര്‍ എറിഞ്ഞ താക്കൂര്‍, ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 30 റണ്‍സ് വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റ് നേടിയത്.

ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹ്‌മദ് എന്നിവരുടെ വിക്കറ്റുകളാണ് താക്കൂറിന്റെ പന്തുകളില്‍ വീണത്. പരിക്കേറ്റതിനാല്‍ മത്സരത്തില്‍ ഒരോവര്‍ മാത്രമെറിഞ്ഞ് മായങ്ക് യാദവ് മത്സരത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് ടീമിനെ തോളിലേറ്റേണ്ട ചുമതല താക്കൂര്‍ വൃത്തിയായി ചെയ്തു.

ഐ.പി.എലില്‍ ലഖ്‌നൗവിനുവേണ്ടി ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് യഷ് താക്കൂര്‍. നേരത്തേ മാര്‍ക്ക് വുഡ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2019-ല്‍ ടി20 മത്സരങ്ങളില്‍ അരങ്ങേറിയ താക്കൂർ, 49 മത്സരങ്ങളില്‍നിന്നായി 74 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മൊഹാലിയില്‍ പഞ്ചാബിനെതിരേ നാല് വിക്കറ്റ് നേട്ടം കൊയ്തതാണ് ഇതിനു മുന്‍പത്തെ ഐ.പി.എലിലെ ഏറ്റവും മികച്ച പ്രകടനം.