Representative Image| Photo: Canva.com
ധന്‍ബാദ്: പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും എലി നശിപ്പിച്ചെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. ഝാര്‍ഖണ്ഡിലെ ദന്‍ബാദ് ജില്ലയിലെ രാജ്ഗഞ്ച് പോലീസാണ് വിചിത്രവാദവുമായി കോടതിയിലെത്തിയത്.
ആറ് വര്‍ഷം മുമ്പ് തൊണ്ടിമുതലായി പിടിച്ചെടുത്ത കഞ്ചാവും ഭാംഗും കോടതിയില്‍ സമര്‍പ്പിക്കാന്‍ രാജ്ഗഞ്ച് പോലീസിനോട് കോടതി ആവശ്യപ്പെട്ടപ്പോഴാണ് വിചിത്ര വിശദീകരണവുമായി പോലീസ് റിപ്പോട്ട് സമര്‍പ്പിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്ന് സൂക്ഷിക്കുന്ന മുറിയിലുള്ള മുഴുവന്‍ മയക്കുമരുന്നും എലി നശിപ്പിച്ചെന്നാണ് റിപ്പോട്ടില്‍ പറയുന്നത്.
2018 ഡിസംബറിൽ ശംഭു പ്രസാദ് അഗർവാൾ എന്നയാള്‍ക്കും മകനുമെതിരെ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും കൈവശംവെച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഇവരിൽനിന്ന് പിടിച്ചെടുത്തതാണ് ഇപ്പോൾ കാണാതായെന്ന് പറയുന്ന തൊണ്ടിമുതൽ. ഈ കേസിന്റെ വിചാരണ ഏപ്രില്‍ ആറിന് നടന്നപ്പോഴാണ് കണ്ടുകെട്ടിയ മുതല്‍ ഹാജാരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടത്.
തൊണ്ടിമുതല്‍ ഹാജരാക്കാന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തില്‍, തന്റെ കക്ഷികള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്ന് പ്രതിഭാഗം വക്കീല്‍ അഭയ് ഭട്ട് കോടതിയില്‍ വാദിച്ചു.
