മൈക്കിൾ സത്യദാസ്, സംറീൻ ബാനു
ഷാർജ: കഴിഞ്ഞദിവസം ഷാർജയിലെ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഷാർജ അൽനഹ്ദയിലെ 39 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിച്ചുവെന്നാണ് പോലീസിന്റെ കണക്ക്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉൾപ്പെടെ പ്രമുഖരുടെ സംഗീതകച്ചേരികൾക്ക് സൗണ്ട് എഞ്ചിനീയറായി പ്രവർത്തിച്ചിട്ടുണ്ട്.
മരിച്ച സംറീൻ ബാനുവിന്റെ ഭർത്താവും തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അടുത്തിടെയാണ് ഇവർ വിവാഹിതരായത്. ദുബായിൽ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ സംറീന്റെ മൃതദേഹം ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി.
