Photo | ANI
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം സ്വന്തമാക്കാനായത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിച്ച ശേഷമുള്ള ആദ്യ ജയം. പലവിധ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്ന മുംബൈക്ക് ഈ ജയം അതിപ്രധാനമായിരുന്നു.
രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടര്‍ന്നുള്ള ആരാധക രോഷവും ഹാര്‍ദിക്കിനെതിരായ കൂവലുകളും ടീമിനകത്തെ ആഭ്യന്തര കുഴപ്പങ്ങളും ഇല്ലാതാക്കാന്‍ ഈ വിജയം കാരണമാകുമെന്നാണ് പലരും പ്രതീക്ഷിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതുപോലെയൊരു മഞ്ഞുരുക്കം ഇപ്പോഴും സംഭവിച്ചിട്ടില്ലെന്നാണ് ഒരു കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡല്‍ഹിക്കെതിരായ വിജയത്തിനു പിന്നാലെ രോഹിതും ഹാര്‍ദിക്കും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ വിലയിരുത്തല്‍. വിജയത്തിനു പിന്നാലെ ‘ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു’ എന്ന അര്‍ഥത്തിലുള്ള ക്യാപ്ഷന്‍ നല്‍കി ഹാര്‍ദിക് ചില ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിലുണ്ട്.
അതേസമയം രോഹിത് ശര്‍മ പങ്കുവെച്ച ചിത്രത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്ല. അവസാന ഓവറില്‍ വമ്പനടി നടത്തിയ ഷെപ്പേര്‍ഡും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിജയാഘോഷങ്ങളുമാണ് ചിത്രത്തിലുള്ളത്. മുംബൈക്കകത്ത് രണ്ട് ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചനയാണ് ഹാര്‍ദിക്കിന്റെ ചിത്രമില്ലാത്ത പോസ്റ്റ് വ്യക്തമാക്കുന്നതെന്നാണ് ഒരുകൂട്ടര്‍ വിമര്‍ശിക്കുന്നത്.
