പ്രതീകാത്മകചിത്രം
കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചെങ്കിലും റോഡ് സുരക്ഷാഫണ്ടില്‍നിന്നും തുക ലഭിച്ചിട്ടില്ല.
സംസ്ഥാനത്തെ ഡ്രൈവിങ്‌ടെസ്റ്റ് സംവിധാനം മേയ് ഒന്നുമുതല്‍ പരിഷ്‌കരിക്കാനുള്ള മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം തത്കാലം നടപ്പാകില്ല. ഏപ്രില്‍ ആദ്യവാരം പിന്നിടുമ്പോഴും പുതിയ ടെസ്റ്റിങ് ഗ്രൗണ്ടിനുള്ള നടപടികളൊന്നും അന്തിമരൂപം കൈവരിച്ചിട്ടില്ല. മോട്ടോര്‍വാഹനവകുപ്പിന്റെ എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകളും നിര്‍ദിഷ്ടരീതിയിലേക്ക് മാറ്റിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കഴിയാത്തതിനാല്‍ തത്കാലം ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണത്തില്‍ മാത്രമാകും നിയന്ത്രണമേര്‍പ്പെടുത്തുക.
മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഓഫീസുകളില്‍ ടെസ്റ്റ് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ സ്ഥലം കണ്ടെത്തിരുന്നു. എന്നാല്‍, ഇവയില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കാനുള്ള തുക ഇനിയും അനുവദിച്ചിട്ടില്ല. റോഡ് സുരക്ഷാഫണ്ട് വിനിയോഗിക്കാന്‍ ശ്രമിച്ചെങ്കിലും ധനവകുപ്പിന്റെ അനുമതി കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതില്‍ ഭൂരിഭാഗവും റവന്യു പുറമ്പോക്കും തദ്ദേശസ്ഥാപനങ്ങളുടേതുമാണ്. സ്വകാര്യഭൂമിയും ഇക്കൂട്ടത്തിലുണ്ട്.
ഇതില്‍ തുക മുടക്കുന്നതിന് ധനവകുപ്പിന്റെ അനുമതി വേണ്ടിവരും. കയറ്റത്തില്‍ നിര്‍ത്തി വാഹനം മുന്നോട്ടെടുക്കുന്ന (ഗ്രേഡിയന്റ്) പരിശോധന എല്ലായിടത്തും ഒരേരീതിയില്‍ നടത്തിയില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. തടി വിരിച്ച് സൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സി.യിലെ വിദഗ്ധര്‍ നിര്‍ദേശിച്ചെങ്കിലും പരാജയപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചെങ്കിലും റോഡ് സുരക്ഷാഫണ്ടില്‍നിന്നും തുക ലഭിച്ചിട്ടില്ല.
ടെസ്റ്റിങ് ഗ്രൗണ്ടുകളില്‍ നിരീക്ഷണക്യാമറ സ്ഥാപിക്കാനും തുക അനുവദിച്ചിട്ടില്ല. പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകാരുടെ സംഘടന കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഉടന്‍ കോടതി പരിഗണിക്കും. സി.ഐ.ടി.യു. നേതൃത്വം നല്‍കുന്ന ഡ്രൈവിങ് സ്‌കൂള്‍ജീവനക്കാരുടെ സംഘടനയും ഗതാഗതമന്ത്രിയുടെ തീരുമാനങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. 26-നുശേഷം ചര്‍ച്ചയുണ്ടാകും. ടെസ്റ്റിങ് ഗ്രൗണ്ട് സ്‌കൂളുകാര്‍ ഒരുക്കണമെന്ന മന്ത്രിയുടെ നിര്‍ദേശമാണ് എതിര്‍പ്പിന് ഇടയാക്കിയത്.
