ദേശീയപാതയിൽ പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ഒരുകുടുംബത്തിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന ബൈക്കും സൈക്കിളും, സുദേവും കുടുംബവും താമസിക്കുന്ന വീട്ടിൽ അപകടവിവരമറിഞ്ഞെത്തിയവർ, ഇൻസൈറ്റിൽ , ആദി എസ്. ദേവ്, സുദേവ്, വിനീത.

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സുദേവിന്റെയും മകൻ ആദി എസ്. ദേവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനെടുക്കുമ്പോൾ അകലെയല്ലാതെ തീവ്രപരിചരണവിഭാഗത്തിൽ വിനീതയുണ്ടായിരുന്നു, പ്രിയതമനും പൊന്നോമനയും നഷ്ടമായതറിയാതെ. മണിക്കൂറുകൾ തികയുംമുൻപേ വിനീതയും മരണത്തിനു കീഴടങ്ങി. ഇതോടെ ഒരുകുടുംബം ഒന്നാകെ ഇല്ലാതായി.

ഞായറാഴ്ച രാവിലെ ബൈക്കിൽ ഒരുമിച്ച് ക്ഷേത്രദർശനത്തിനിറങ്ങിയതാണു കുടുംബം. പുറക്കാട് ജങ്ഷനുസമീപമുണ്ടായ വാഹനാപകടത്തിലാണ് മുന്നുപേരും മരിച്ചത്.

സുദേവിന്റെ അമ്മ സൂനമ്മയെ ആദ്യം മരണവിവരം അറിയിച്ചിരുന്നില്ല. മകനും മറ്റുള്ളവർക്കും അപകടമുണ്ടായി എന്നുമാത്രമാണ് ഇവരെ അറിയിച്ചത്. ആശുപത്രിയിൽ ഉറ്റവർക്കരികിലേക്കു പോകണമെന്ന് അലമുറയിട്ടു വിലപിച്ച സൂനമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചു.

ഓച്ചിറ സ്വദേശിനിയാണ് വിനീത. ഇവരുടെ അച്ഛനമ്മമാരായ കുട്ടനും വത്സലയും അപകടമറിഞ്ഞ് വാവിട്ടുനിലവിളിച്ചുകൊണ്ട് പുന്തലയിലെ വീട്ടിലെത്തി. സുദേവിന്റെ കുടുംബവീടിന് അധികം അകലെയല്ലാതെ അടുത്തകാലത്ത് വാങ്ങിയ മൂന്നുസെന്റ് ഭൂമിയിലെ ചെറിയ വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ആനന്ദേശ്വരം ഇല്ലിച്ചിറ റോഡരികിലുള്ള ഈ വീടിനുമുന്നിലാണ് അന്ത്യകർമങ്ങൾക്കുള്ള പന്തലൊരുക്കിയിരിക്കുന്നത്.

ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിൽപ്പെട്ട് അച്ഛനും അമ്മയ്ക്കും മകനും ദാരുണാന്ത്യം.

അമ്പലപ്പുഴ: കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ തട്ടി നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അച്ഛനും അമ്മയും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തിൽപ്പറമ്പിൽ വീട്ടിൽ സുദേവ് (45), ഭാര്യ വിനീത (36), മകൻ ആദി എസ്. ദേവ് (12) എന്നിവരാണു മരിച്ചത്. സൈക്കിൾയാത്രക്കാരൻ പുന്നപ്ര പുതുവൽ പ്രകാശൻ (50), കാൽനടയാത്രക്കാരൻ പുറക്കാട് പുതുവൽ മണിയൻ (65) എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. പ്രകാശന്റെ നില ഗുരുതരമാണ്.

ദേശീയപാതയിൽ അമ്പലപ്പുഴയ്ക്കടുത്ത് പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ക്ഷേത്രദർശനത്തിനായി ബൈക്കിൽ അമ്പലപ്പുഴ ഭാഗത്തേക്കു വരുകയായിരുന്നു സുദേവും കുടുംബവും. കാൽനടയാത്രക്കാരനായ മണിയനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ ബൈക്കിലിടിച്ചു. ഇതേത്തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽവന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു.

സുദേവ് സംഭവസ്ഥലത്തുവെച്ചും മകൻ ആദി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചശേഷവും മരിച്ചു. മെഡിക്കൽ കോളേജ് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച വിനീതയെ പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രി 8.45-ഓടെ മരിച്ചു. പ്രകാശൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മീൻവിൽപ്പനക്കാരനായ പ്രകാശൻ മീനെടുക്കാനായി സൈക്കിളിൽ തോട്ടപ്പള്ളിയിലേക്കു പോകുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുദേവ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക ജീവനക്കാരനായും ജോലിചെയ്യുന്നുണ്ട്. പുന്നപ്രയിലെ സ്വകാര്യ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് ആദി എസ്. ദേവ്. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുദേവിന്റെയും ആദിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. സംസ്കാരം പിന്നീട്.

മൂന്നുമാസത്തിനുള്ളിൽ ഒൻപത് അപകടമരണം

അമ്പലപ്പുഴ: 2024 പിറന്നിട്ട് ഞായറാഴ്ച രാത്രിവരെ ഒൻപതുപേരാണ് ദേശീയപാതയിൽ പുറക്കാട് ഭാഗത്തുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. മൂന്നുകിലോമീറ്ററിനുള്ളിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ ജനം ആശങ്കയിലാണ്. ദേശീയപാത വീതികൂട്ടലുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും റോഡിന്റെ വീതിക്കുറവ് അപകടത്തിനു വഴിയൊരുക്കുമെന്ന ആക്ഷേപം നാട്ടുകാർക്കും ജനപ്രതിനിധികൾക്കുമുണ്ട്. ‌‌

ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച സുദേവും ഭാര്യ വിനീതയും മകൻ ആദി എസ്. ദേവുമാണ് അവസാന ഇരകൾ. ജനുവരി അഞ്ചിന് വൈകുന്നേരം 5.30-ന് പുറക്കാട് പഴയങ്ങാടിയിൽ എയർബസിൽ തട്ടി നിയന്ത്രണംവിട്ട ബൈക്കുമറിഞ്ഞ് തിരുവനന്തപുരം നേമം പ്രാവച്ചമ്പലം ഉഷാഭവനിൽ പരേതനായ ബിജുവിന്റെയും ഉഷയുടെയും മകൻ ആഷിക് (24) മരിച്ചു. പ്രദേശത്ത് പുതുവർഷത്തിലുണ്ടായ ആദ്യ അപകടമരണമായിരുന്നു ഇത്.

ജനുവരി 28-ന് വൈകുന്നേരം ആറിന് പഴയങ്ങാടിക്കുസമീപം പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രികൻ ചെറുതന പാണ്ടി മുപ്പത്തിനാലിൽ ദേവസ്യയുടെ മകൻ ഫ്രാൻസിസ് (ജോയി-40) മരിച്ചു. ഇതേപ്രദേശത്തുതന്നെ ഫെബ്രുവരി 15-ന് പുലർച്ചെ 1.30-ന് പെട്ടെന്നുനിർത്തിയ ലോറിക്കുപിന്നിൽ സ്കൂട്ടറിടിച്ച് പത്തനംതിട്ട ആറന്മുള നീർവിളാകം നാരായണമംഗലത്ത് ഗോപാലകൃഷ്ണപിള്ളയുടെ മകൻ മധു (44) മരിച്ചു.

മാർച്ച് നാലിനു രാവിലെ 7.30-ന് പഴയങ്ങാടിയിൽ പെട്ടി ഓട്ടോയ്ക്കുപിന്നിൽ പിക്കപ്പ് വാനിടിച്ച് പെട്ടി ഓട്ടോഡ്രൈവർ പുറക്കാട് പുത്തൻചിറ കുഞ്ഞുമോൻ (55) മരിച്ചു. മാർച്ച് 22-ന് സ്കൂട്ടറിൽ കാറിടിച്ച് നിർമാണത്തൊഴിലാളികളായ തോട്ടപ്പള്ളി ശ്രീജിത്ത് ഭവനത്തിൽ രാജേന്ദ്രൻ (53), കനാൽ പുതുവൽ പ്രസാദ് (55) എന്നിവർ മരിച്ചു. ഞായറാഴ്ച രാവിലെ അപകടമുണ്ടായ അതേസ്ഥലത്തുതന്നെയാണ് മാർച്ച് 22-നും അപകടമുണ്ടായത്.

ദേശീയപാത നിർമാണം നടക്കുന്നതിനാൽ അപകടങ്ങളൊഴിവാക്കാൻ പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും ദേശീയപാതാ കരാറുകാരുടെയും ഭാഗത്തുനിന്നും സുരക്ഷാനടപടികൾ വേണമെന്നാണ് ആവശ്യമുയരുന്നത്.