ചിത്രത്തിൻ്റെ ടീസറിൽ നിന്നും
അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ വിരുന്നുമായി സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിന്റെ ടീസര്‍ പുറത്തിറങ്ങി. ജാത്ര ആഘോഷത്തോടനുബന്ധിച്ച് ദേവീരൂപത്തിലെത്തി എതിരാളികളെ നിലംപരിശാക്കി സ്ലോ മോഷനില്‍ നടന്നുവരുന്ന പുഷ്പരാജിനെ ടീസറില്‍ കാണാനാകും. പശ്ചാത്തലസംഗീതവും വര്‍ണ്ണശബളമായ ഫ്രെയിമുകളും അല്ലു അര്‍ജുന്റെ സ്വാഗും ചേര്‍ന്ന് ഗംഭീരമായൊരു ദൃശ്യവിരുന്നാണ് ചിത്രത്തിന്റെ ടീസര്‍. അല്ലു അര്‍ജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയേറ്ററുകളിലെത്തുക.
2021-ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാള നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍- ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
