Photo Courtesy: twitter.com/punekarnews & Youtube.com/Zee 24 Taas
മാര്‍ച്ച് 30-നാണ് മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ ഭാഗ്യശ്രീയെ സുഹൃത്തും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്
മുംബൈ: പുണെയില്‍നിന്ന് തട്ടിക്കൊണ്ടുപോയ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പുണെ വിമാന്‍നഗര്‍ സ്വദേശിനി ഭാഗ്യശ്രീ സൂര്യകാന്തി(22)ന്റെ മൃതദേഹമാണ് സുപാ ഗ്രാമത്തിലെ വയലില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കോളേജിലെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ശിവം ഫുല്‍വാലെ, ഇയാളുടെ കൂട്ടാളികളായ സാഗര്‍ ജാദവ്, സുരേഷ് ഇന്ദോര്‍ എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച്ച് 30-നാണ് മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ ഭാഗ്യശ്രീയെ സുഹൃത്തും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിട്ടയക്കണമെങ്കില്‍ ഒമ്പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികള്‍ മാതാപിതാക്കളെ വിളിച്ചു. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളിലൊരാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോയ ദിവസം തന്നെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായും മൃതദേഹം സുപാ ഗ്രാമത്തില്‍ വയലില്‍ മറവ് ചെയ്തതായും വെളിപ്പെടുത്തിയത്.
മാര്‍ച്ച് 30 രാത്രി ഒമ്പത് മണിയോടെ നഗരത്തിലെ മാളിലേക്ക് പോയ പെണ്‍കുട്ടിയെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. രാത്രി വൈകിയും ഭാഗ്യശ്രീയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. മകള്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്നും വിട്ടയക്കണമെങ്കില്‍ ഒമ്പത് ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ഫോണ്‍സന്ദേശം. ഇതോടെ വീട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. ഇതിനിടെ പ്രതികൾക്കൊപ്പം പെൺകുട്ടി മാളിൽനിന്ന് പുറത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിരുന്നു.
സംഭവത്തില്‍ പ്രതികളിലേക്കെത്താനായി ഇവര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് പോലീസ് അമ്പതിനായിരം രൂപ കൈമാറി. പിന്നാലെ പ്രതികളുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, തട്ടിക്കൊണ്ടുപോയ അതേദിവസം തന്നെ തങ്ങള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സുപാ ഗ്രാമത്തില്‍നിന്ന് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കേസിലെ മറ്റുപ്രതികളും ഇതിനിടെ പോലീസിന്റെ പിടിയിലായി.
സാമ്പത്തികബാധ്യതകളാണ് പ്രതികളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പെണ്‍കുട്ടിയുടെ കുടുംബ പശ്ചാത്തലം അടക്കം മനസിലാക്കിയിരുന്ന പ്രതികള്‍ പണം കണ്ടെത്താനുള്ള മാര്‍ഗമായി പെണ്‍കുട്ടിയെ ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലും കൊലപാതകവും ആസൂത്രണംചെയ്തതെന്നും പോലീസ് പറഞ്ഞു.
