കേസിലെ പ്രതികളിലൊരാളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു

കൊച്ചി: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച മറുനാടന്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. നാല് പേരെയാണ് ശനിയാഴ്ച ഉച്ചയോടെ പോലീസ് തെളിവെടുപ്പിനെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്.

അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. അശോക് ദാസിനെ സംഘംചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് കേസ്.

കൊല്ലപ്പെട്ട അശോക് ദാസിനെ കെട്ടിയിട്ടരീതിയും ഇയാള്‍ വീണതുമെല്ലാം തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതികള്‍ കാണിച്ചുനല്‍കി. ഒരു വീട്ടിലെ അച്ഛനും മക്കളും ഉള്‍പ്പെടെയുള്ളവരെ കേസില്‍ പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.

വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാര്‍ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടി റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്പോള്‍ ഇയാളുടെ കൈകളില്‍ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെയാണ് അശോക് ദാസ് മരിച്ചത്. ആറ് പേരെ അപ്പോള്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നാല് പേരെ കൂടി പോലീസ് പ്രതി ചേര്‍ക്കുകയായിരുന്നു. തലയുടെ വലതുഭാഗത്തും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

വാടകക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും കൊല്ലപ്പെട്ട അശോക് ദാസും സുഹൃത്തുക്കളാണ്. വാടക വീട്ടിലെത്തിയ ഇയാള്‍ മദ്യപിച്ചതായും കൈകളില്‍ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ അശോക്ദാസിനെ കെട്ടിയിട്ടുവെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതികള്‍ പറഞ്ഞത്. എന്നാല്‍, അശോക് ദാസിന്റെ സുഹൃത്തായ സ്ത്രീ, ഇയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്.