Photo | AFP

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് സൂപ്പര്‍ താരം ശിവം ദുബെയെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ താരം യുവരാജ് സിങ്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഇത്തവണ മിന്നും ഫോമിലാണ് ദുബെ. വെള്ളിയാഴ്ച ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ 24 പന്തുകളില്‍ 45 റണ്‍സ് നേടിയ ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. നാല് സിക്‌സും രണ്ട് ഫോറും പിറന്ന ഇന്നിങ്‌സാണിത്.

ദുബെയുടെ ഇന്നിങ്‌സ് കണ്ട് ആകൃഷ്ടനായ യുവരാജ്, ദുബെയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും മത്സരം മാറ്റിമറിക്കാന്‍ ദുബെയ്ക്ക് കഴിയുമെന്നും വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്‌സിലാണ് യുവരാജ് ഇക്കാര്യം പങ്കുവെച്ചത്. മറ്റൊരു മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താനും ദുബെയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായെത്തി. സ്പിന്‍ ബൗളര്‍മാരെ പ്രഹരിക്കാനുള്ള ദുബെയുടെ പ്രത്യേകമായ കഴിവും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

ശിവം ദുബെയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഹൈദരാബാദിനെതിരേ 165 റണ്‍സാണ് ചെന്നൈ നേടിയത്.