Photo: PTI
അഹമ്മദാബാദ്: കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഐ.പി.എല്‍. ലേലത്തില്‍ ആളുമാറി വിളിച്ചെടുത്ത ശശാങ്ക് സിങ് ആയിരുന്നു പഞ്ചാബിന് ജയം സാധ്യമാക്കിയത്. 29 പന്തുകളില്‍നിന്ന് ശശാങ്ക് നേടിയ 61 റണ്‍സായിരുന്നു പഞ്ചാബ് ജയത്തിന്റെ കടിഞ്ഞാണ്‍. നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെട്ട ഇന്നിങ്‌സായിരുന്നു അത്.
മത്സരത്തില്‍ പഞ്ചാബ് ജയിച്ചതിനു പിന്നാലെ ശശാങ്ക് വലിയ തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടെങ്കിലും ക്രീസിലായിരുന്നപ്പോള്‍ ആ വിധത്തിലുള്ള സ്വീകാര്യത ലഭിച്ചിരുന്നില്ല. ശശാങ്ക് അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ടീമംഗങ്ങളില്‍ ആരും അത് ആഘോഷിച്ചിരുന്നില്ല. ശശാങ്ക് അര്‍ധ സെഞ്ചുറിയാഘോഷത്താല്‍ ബാറ്റ് ഉയര്‍ത്തുമ്പോള്‍, ടീമംഗങ്ങള്‍ അത് അവഗണിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ടീമംഗങ്ങളുടെ പ്രവൃത്തിയില്‍ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അദ്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.
ഐ.പി.എല്‍. ലേല കാലത്തുതന്നെ ചര്‍ച്ചയായ പേരാണ് ശശാങ്കിന്റേത്. ലേലം നടത്തിയ മല്ലിക സാഗര്‍ ശശാങ്ക് സിങ് എന്നു വിളിച്ചപ്പോള്‍ പ്രീതി സിന്റ കേട്ടമാത്രയില്‍ വിളിച്ചെടുത്തു. പിന്നീടാണ് തങ്ങള്‍ ഉദ്ദേശിച്ച ശശാങ്ക് സിങ് അല്ല അതെന്ന് മനസ്സിലായത്. ഇതുവരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസ്സുകാരന്‍ ഓള്‍ റൗണ്ടര്‍ ശശാങ്ക് സിങ്ങിനെ ടീമിലെത്തിക്കാനാണ് പഞ്ചാബ് കരുതിയിരുന്നത്. സംഭവിച്ച അബദ്ധം അധികൃതരെ അറിയിച്ചെങ്കിലും ലേല നടപടികള്‍ പൂര്‍ത്തിയായതിനാല്‍ മറ്റൊന്നും സാധ്യമല്ലെന്നായിരുന്നു മറുപടി. ഇതോടെയാമ് 32-കാരനായ ഛത്തീസ്ഗഢ് താരം ശശാങ്ക് സിങ് പഞ്ചാബ് ടീമില്‍ ഉള്‍പ്പെടുന്നത്.
