എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: പാനൂർ ബോംബ് സ്ഥോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പിടിയിലായവർ പാർട്ടി സഖാക്കളെ മർദിച്ച കേസിലെ പ്രതികളാണെന്നും ഇവരെ മുൻപേ തള്ളിപ്പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. വോട്ടുകിട്ടാനായി ഷാഫി പറമ്പിൽ ഓരോന്നു പറഞ്ഞ് നടക്കുകയാണ്. ചെറുത്തുനില്‍പ്പിന്റെ ഭാഗമായിപ്പോലും അതൊന്നും ഉദ്ദേശിക്കുന്നില്ല. തിരഞ്ഞെടുപ്പിനിടെ പാർട്ടിക്ക് ആയുധം ഉണ്ടാക്കേണ്ട എന്തുകാര്യമാണുള്ളതെന്നും എല്ലാം തെറ്റായ പ്രചാരവേലയാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ട് വിവാദത്തിൽ ഉൾപ്പെട്ട കമ്പനികളിൽനിന്നും മറ്റുമാർഗങ്ങളിലൂടെ സിപിഎം പണം വാങ്ങിയെന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ പരാമർശത്തിനും ഗോവിനന്ദൻ മറുപടി നൽകി. ഇടുപക്ഷത്തിനെതിരെ ഒന്നും പറയാനില്ലാത്തപ്പോൾ ഷിബു ബേബി ജോണ്‍ തോന്ന്യാസം പറയുകയാണ് എന്നായിരുന്നു പ്രതികരണം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആരോടൊപ്പമാണ് നഴ്സ് നിന്നതെന്ന് പറയാൻ സാധിക്കില്ലെന്നും ഒഴിവ് വന്നാൽ തിരിച്ചെടുക്കുന്നുമെന്നാണ് അധികൃതർ അറിയിച്ചത് എന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.
