രേവന്ത് റെഡ്ഢി | Revant Reddy X account

: ‘‘എന്റെ സമയം വരും, നിങ്ങളുടെ അന്ത്യം ഞാൻ കാണും’’- തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖർ റാവുവെന്ന കെ.സി.ആറിനെ വെല്ലുവിളിച്ച് ഒൻപതുവർഷംമുമ്പ് ജയിലിലേക്കു പോകുമ്പോൾ ഒരു ചെറുപ്പക്കാരൻ പറഞ്ഞ വാക്കുകൾ. മന്ത്രിയാകാൻ താത്പര്യമുണ്ടോയെന്നു ചോദിച്ചാൽ ഇല്ല, ആകുന്നെങ്കിൽ മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞിരുന്നയാൾ. ഒൻപതു വർഷങ്ങൾക്കിപ്പുറം കെ.സി.ആറിന്റെ ‘അന്ത്യം’ കണ്ട് അയാൾ മുഖ്യമന്ത്രിക്കസേരയിലമർന്നിരിക്കുന്നു. സംഘപരിവാറിലൂടെയെത്തി തെലുഗുദേശത്തിലൂടെ വളർന്ന് കോൺഗ്രസിലെത്തിയ ആ ആത്മവിശ്വാസത്തിന്റെ പേരാണ് രേവന്ത് റെഡ്ഡി. തെലങ്കാനയിൽ കോൺഗ്രസിന് ആളെക്കൂട്ടിയ ക്രൗഡ് പുള്ളറാണ് ഈ 55-കാരൻ.

വൈ.എസ്. രാജശേഖര റെഡ്ഡിയെന്ന അതികായന്റെ മരണത്തോടെ നേതൃനിരയിലുണ്ടായ ശൂന്യതയാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോൺഗ്രസിനു തിരിച്ചടിയായത്. പാർട്ടിയിൽ നാലുവർഷംമാത്രം അനുഭവപരിചയമുള്ള രേവന്ത് റെഡ്ഡിയെന്ന തീപ്പൊരി നേതാവിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയത് ആ വിടവു നികത്താനായിരുന്നു. കോൺഗ്രസിലെ തന്റെ മുൻഗാമി ഉത്തംകുമാർ റെഡ്ഡിയുടെയടക്കം എതിർ‍പ്പിനിടെയാണ് രേവന്ത് ചുമതലയേൽക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് വിമതനേതാക്കളുടെ ഒരു പടതന്നെ പാർട്ടിവിട്ടു. ‌പക്ഷേ, ദേശീയനേതൃത്വം ഒപ്പംനിന്നതോടെ രേവന്ത് തന്റെ കരുക്കൾ കളത്തിലിറക്കി.

2023 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഹെലികോപ്റ്ററിൽ പറന്ന് സംസ്ഥാനമൊട്ടാകെ പ്രചാരണം നടത്തി. പാർട്ടി നിയമസഭാ കക്ഷിനേതാവും ഭൂരിപക്ഷ പിന്നാക്ക സമുദായത്തിൽനിന്നുള്ളയാളുമായ മല്ലുഭട്ടി വിക്രമാർക്കയെയിറക്കി ഭരണപക്ഷത്തിനെതിരേ പദയാത്ര സംഘടിപ്പിച്ചു. ജനക്കൂട്ടത്തെ അണിനിരത്തി ഹൈദരാബാദിൽ വിജയഭേരി സഭ നടത്തി ബി.ആർ.എസിനെതിരേ ഭരണവിരുദ്ധവികാരം ആളിക്കത്തിച്ചു. കെ.സി.ആറിന്റെ വാക്ശരങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടികൂടി നൽകിയതോടെ ആന്ധ്രാവിഭജനത്തോടെ വേരറ്റ കോൺഗ്രസിനു പുത്തനുണർവായി.

എം.പി. സ്ഥാനം രാജിവെച്ച് കെ.സി.ആറിനെതിരേ കാമറെഡ്ഡിയിൽ പോരാട്ടത്തിനിറങ്ങി പാർട്ടിയെ നയിക്കാൻ തനിക്കാണ് ശേഷിയെന്ന് തെളിയിച്ചു. കെ.സി.ആറിന്റെ ജനക്ഷേമപദ്ധതികളെയും ബി.ജെ.പി.യുടെ വോട്ട് ഭിന്നിപ്പിക്കൽ തന്ത്രത്തെയും തറപറ്റിച്ച രേവന്ത് 19-ൽനിന്ന് കോൺഗ്രസിനെ 64 സീറ്റിലേക്കെത്തിച്ചു. കടൽപോലെ ആൾക്കൂട്ടമെത്തിയ അദ്ദേഹത്തിന്റെ റാലികൾ കോൺഗ്രസിനു സമ്മാനിച്ചത് തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയെയാണ്.

കൊണ്ടറെഡ്ഡിപ്പള്ളിയിലെ കർഷക കുടുംബത്തിൽ 1969-ൽ ജനിച്ച രേവന്ത് തുടങ്ങിയത് എ.ബി.വി.പി.യിലൂടെയായിരുന്നു. രണ്ടായിരത്തിന്റെ തുടക്കത്തിൽ പ്രത്യേക സംസ്ഥാനത്തിനായുള്ള സമരത്തിൽ കെ. ചന്ദ്രശേഖർ റാവുവിനൊപ്പം ചേർന്നു. കൽവാകുർത്തി മണ്ഡലത്തിൽനിന്നു നിയമസഭയായിരുന്നു ലക്ഷ്യം. എന്നാൽ, മണ്ഡലം കോൺഗ്രസിനു നൽകിയതോടെ കെ.സി.ആറുമായി അകന്നു. വെ.എസ്.ആറിന്റെയും കോൺഗ്രസിന്റെയും ക്ഷണം നിരസിച്ച് തെലുഗുദേശം പാർട്ടിയിലെത്തി. പാർട്ടിയിലെ തെലങ്കാന മുഖമായി വളർന്ന് നായിഡുവിന്റെ വിശ്വസ്തനായി. 2009-ൽ കോടങ്കൽ മണ്ഡലത്തിൽ ആറായിരത്തിൽപ്പരം വോട്ടുകൾക്കു ജയം. 2014-ൽ ഭൂരിപക്ഷം ഇരട്ടിയാക്കി. ടി.ഡി.പി.യുടെ വർക്കിങ് പ്രസിഡന്റുമായി.

2014-ലെ സംസ്ഥാന വിഭജനത്തോടെ തെലുഗുദേശം പാർട്ടിക്ക് കോട്ടംതട്ടി. 2015-ൽ തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ടിനു പണമെന്ന ആരോപണവും തിരിച്ചടിയായി. ഈ കേസിൽ അറസ്റ്റുചെയ്യുമ്പോഴാണ് രേവന്ത് കെ.സി.ആറിന്റെ അന്ത്യംകാണുമെന്ന് വെല്ലുവിളിച്ചത്.

വിശ്വസ്തൻ, കാവൽക്കാരൻ

തെലുഗുദേശത്തിനു സ്വീകാര്യത കുറഞ്ഞതോടെയാണ് രേവന്ത് 2017-ൽ കോൺഗ്രസിലെത്തുന്നത്. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, രേവന്തടക്കം പലരും പരാജയപ്പെട്ടു. എന്നാൽ, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം തിരിച്ചെത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മൽകജ്ഗിരി മണ്ഡലത്തിൽ ജയം. സമീപകാല രാഷ്ട്രീയത്തിൽ മഹാറാലികളുടെ മാനേജരായാണ് രേവന്ത് അറിയപ്പെടുന്നത്. കർണാടകയിൽ ഡി.കെ. ശിവകുമാറിനെപ്പോലെ തെലങ്കാനയിൽ കോൺഗ്രസിന്റെ ക്രൗഡ് പുള്ളറും ‘മണി മാനേജരും’ രേവന്താണ്.