ജസ്റ്റിസ് എസ്. മണികുമാർ

    തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ചുമതല ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് ഗവര്‍ണറെ അറിയിച്ച് ജസ്റ്റിസ് എസ് മണികുമാര്‍. നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് പിന്നാലെയാണിത്. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നാണ് ഗവര്‍ണറെ അറിയിച്ചിട്ടുള്ളത്.

    ഇ-മെയില്‍ സന്ദേശമാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് അയച്ചത്. വ്യക്തിപരമായ അസുഖങ്ങള്‍ ഉണ്ടെന്നും, അച്ഛന്റെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും വിശദീകരിച്ചിട്ടുണ്ട്.

    പ്രതിപക്ഷത്തിന്റെ വിയോജിപ്പും പരാതികളും കാരണം മണികുമാറിന്റെ നിയമനം സംബന്ധിച്ച സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ വൈകിച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിയോജന കുറിപ്പ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിയമനം ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് മനുഷ്യാവകാശ കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് രേഖപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്.

    ഒരു പേര് മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ ജസ്റ്റിസ് മണികുമാറിന് കഴിയുമോയെന്നും ഗവര്‍ണര്‍ക്കയച്ച കത്തില്‍ വി.ഡി. സതീശന്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍, ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു മണികുമാര്‍.