പ്രതീകാത്മക ചിത്രം

വേട്ടയാടലിനായി കാപ്റ്റീവ് ബ്രീഡിങ്ങിലൂടെയും മറ്റും ധാരാളം സിംഹങ്ങളെ വളര്‍ത്തുന്ന പതിവ് അപ്പാടെ അവസാനിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്ക…

കാശെറിഞ്ഞാല്‍ വേട്ടയാടാനുള്ള അനുമതി കിട്ടും, അതും സിംഹത്തെ ! വേട്ടയാടലിന് എത്തുന്നവരാകട്ടെ ഏറിയ പങ്ക് വിദേശികളും. വേട്ടയാടി കിട്ടിയ സിംഹത്തിന്റെ തൊലിയോ തലയോ കൊണ്ടുപോകാന്‍ താത്പര്യപ്പെടുന്നവർക്ക് അതും ചെയ്യാം. ‘ട്രോഫി ഹണ്ടിങ്’ എന്ന ഈ രീതി പിന്തുടരുന്നതിന്റെ പേരിൽ ഏറെ പഴിയും വിമര്‍ശനങ്ങളുമേറ്റ രാജ്യം കൂടിയാണ് ദക്ഷിണാഫ്രിക്ക. ഒടുവിലതാ വിവാദപരമായ ഈ തീരുമാനം മാറ്റാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. വേട്ടയാടലിനായി കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ധാരാളം സിംഹങ്ങളെ വളര്‍ത്തുന്ന രീതി ഘട്ടം ഘട്ടമായി നിർത്തലാക്കുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് രാജ്യം.

2021-ല്‍ വേട്ടയാടലിനായി സിംഹങ്ങളെ വളര്‍ത്തുന്നതിന് നിരോധനമേര്‍പ്പെടുത്താന്‍ രാജ്യം തീരുമാനിച്ചിരുന്നു. വിദഗ്ധ സംഘം വിശദമായി ഈ വിഷയത്തെ പഠിച്ച ശേഷമാണ് തീരുമാനത്തിലേക്ക് രാജ്യം എത്തിയത്. കാപ്റ്റീവ് ബ്രീഡിങ് പൂര്‍ണമായും നിര്‍ത്തുക, വാണിജ്യാവശ്യങ്ങള്‍ക്കായി സിംഹങ്ങളെ ഉപയോഗിക്കരുത് തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് സംഘം മുന്നോട്ടുവെച്ചത്. പരിസ്ഥിതി മന്ത്രി ബാര്‍ബറാ ക്രീസി കേപ് ടൗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് വിശദീകരണവും നല്‍കി.

പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതിന് ശക്തമായ എതിര്‍പ്പ് നേരിട്ടെങ്കിലും നിയമംസർക്കാർ പാസാക്കി. അതേസമയം നിലവില്‍ കാപ്റ്റീവ് ബ്രീഡിങ് നടത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം സമയവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഈ സമയം കൊണ്ട് ഇത് പൂര്‍ണമായും അവസാനിപ്പിച്ച് മറ്റൊരു വ്യവസായ മാതൃകയിലേക്ക് കടക്കുകയാണ് വേണ്ടത്.

തിരഞ്ഞെടുക്കപ്പെട്ട വന്യജീവികളെ പണം നല്‍കി വേട്ടയാടുന്ന ട്രോഫി ഹണ്ടിങ് (Trophy hunting) പല രാജ്യങ്ങളിലും ഇപ്പോഴുമുണ്ട്. വേട്ടയാടി കിട്ടുന്ന മൃഗത്തിന്റെ തൊലി, തല എന്നിവയൊക്കെയാണ് ട്രോഫി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍, മൃഗസംരക്ഷകരടക്കമുള്ളവര്‍ ഇതിനെ കാലങ്ങളായി എതിര്‍ത്ത് വരികയാണ്.

പ്രത്യേക മേഖലകളില്‍ പാര്‍പ്പിച്ചിരിക്കുന്ന സിംഹം പോലുള്ള വന്യജീവികളെ വേട്ടയാടാന്‍ അനുമതി നല്‍കുന്നതിനെ Canned hunting എന്നാണ് പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ 350 ഓളം ഫാമുകളിലായി 8,000-ത്തിനും 12,000-ത്തിനും ഇടയില്‍ സിംഹങ്ങളാണുള്ളത്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ വനപ്രദേശങ്ങളിലാകെ 3,500 ഓളം സിംഹങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെന്നാണ് എന്‍ഡാന്‍ജേര്‍ഡ് വൈല്‍ഡ്‌ലൈഫ് ട്രസ്റ്റെന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.