ദേവി, നവീൻ, ആര്യ

തിരുവനന്തപുരം : അരുണാചൽ പ്രദേശിൽ ദമ്പതിമാരടക്കം മൂന്നു മലയാളികൾ ആത്മഹത്യചെയ്തതിനു പിന്നിൽ ഏതെങ്കിലും വ്യക്തിയുെടയോ സംഘത്തിെന്റയോ പ്രേരണയോ സഹായമോ ഉണ്ടോ എന്നതാണ് പോലീസ് പ്രധാനമായും തേടുന്നത്. എന്തിന് ആത്മഹത്യക്ക് അരുണാചൽ തിരഞ്ഞെടുത്തു എന്നതും അന്വേഷണസംഘം കണ്ടെത്തേണ്ടതുണ്ട്.

മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസമാണ് ദമ്പതിമാരായ നവീന്റെയും ദേവിയുടെയും കൂട്ടുകാരി ആര്യയുടെയും ആത്മഹത്യക്കു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ചാലേ ഇതുസംബന്ധിച്ച് വ്യക്തത വരികയുള്ളൂ.മരിച്ചവരുടെ ലാപ്‌ടോപും കംപ്യൂട്ടറും അടക്കമുള്ളവ പരിശോധനയ്ക്കായി പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. സാത്താൻ സേവ പോലുള്ള ആരാധനാസംഘങ്ങളിൽ ഇവർ അംഗമാണെന്നിതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. പ്രത്യേക തരത്തിലുള്ള ആരാധനകളിലോ പൂജകളിലോ ഇവർ പങ്കെടുത്തിരുന്നില്ലെന്നുമാണ് പോലീസ് കരുതുന്നത്.

അന്യഗ്രഹ ജീവിതത്തിലേക്ക് ഇവർ എങ്ങനെ ആകൃഷ്ടരായി എന്നതാണ് ഡിജിറ്റൽ തെളിവുകളിലൂടെ പ്രധാനമായും അന്വേഷണസംഘം കണ്ടെത്താൻ ശ്രമിക്കുന്നത്.ഇത്തരം ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അജ്ഞാതസംഘങ്ങൾ രാജ്യത്തു പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.ജീവനൊടുക്കുന്നതിനു മുൻപ്‌ ഇവർ ഓൺലൈൻ വഴി മറ്റാരെങ്കിലുമായി സംവദിച്ചോ എന്നതും പരിശോധിക്കണം.

ഇവരുടെ മൊബൈലുകൾ അടക്കം മരണസമയത്തുണ്ടായിരുന്നവ അരുണാചൽ പോലീസിന്റെ കൈവശമാണ്.ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടിയാലേ ഇത്തരം കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. മരിച്ചവരുടെ വീടുകളിൽനിന്നു ശേഖരിച്ച ഡിജിറ്റൽ ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).