Photo:Congress/twitter.com

ന്യൂഡല്‍ഹി; ബി.ജെ.പിയ്‌ക്കെതിരേ വാഷിങ് മെഷീന്‍ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അര്‍ഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2014-ന് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം 23-പേര്‍ക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി യെ പരിഹസിച്ച് കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയത്.