ടീസറിൽ നിന്നും
ടൊവിനോ തോമസ് നായകനാകുന്ന ‘നടികർ’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. ഭാവനയാണ് ചിത്രത്തിൽ നായികയാകുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ തിലകത്തിനുണ്ട്.
ഒരു സിനിമ നടൻ്റെ കഥയാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചനകൾ. മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിർമിക്കുന്നത്. പുഷ്പ – ദ റൈസ് പാർട്ട് 1 ഉൾപ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിൻ എസ് സോമശേഖരനാണ്. ആൽബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റർ.
