ഓറീയ റിറിഹുവാ ഫോസിൽ | Photo: University of Otago

ഏറെ കാലങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തുകയും, അതിനെ വിശദീകരിക്കാനോ പഠിക്കാനോ സമയമെടുക്കുന്ന സന്ദര്‍ഭങ്ങളെ പറ്റിയും നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. കാത്തിരുന്ന പഠിച്ച് വിശദീകരിച്ച ആ വസ്തു അല്ലെങ്കില്‍ ഒരു ജീവിയുടെ ഫോസില്‍ അല്‍പ്പം സെപ്ഷ്യലാണെങ്കിലോ ! അത്തരമൊരു കഥ വീണ്ടും എത്തുകയാണ്. ന്യൂസിലന്‍ഡാണ് കഥാപശ്ചാത്തലം.

ഏതാനും വര്‍ഷങ്ങൾക്ക് മുമ്പാണ് പുരാതനകാലത്തെ ഡോള്‍ഫിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തിയത്. ന്യൂസിലന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാഗോയിലെ (University of Otago) ഗവേഷകരാണ് ഇത് വ്യത്യസ്ത രീതിയില്‍ ഇരതേടുന്ന ഒരു ഡോള്‍ഫിന്റെ ഫോസിലാണെന്ന് കണ്ടെത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഫോസിലെ തിരിച്ചറിഞ്ഞ് ഇപ്പോഴാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.

ജേണല്‍ ഓഫ് ദി റോയല്‍ സൊസൈറ്റി ഓഫ് ന്യൂസിലന്‍ഡില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഡോള്‍ഫിന്‍ ഫോസിലിന് ഓറീയ റിറിഹുവാ (Aureia rerehua) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ന്യൂസിലാൻഡിലെ ഹക്കതാരമിയ താഴ്‌വരയില്‍ ജീവിച്ചിരുന്ന ഈ ഡോള്‍ഫിന്റെ ഫോസില്‍ ഒട്ടാഗോയിലെ ജിയോളജി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

അക്കാലത്തുണ്ടായിരുന്ന മറ്റ് ഡോൾഫിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ചില പ്രത്യേകതകൾ ഓറിയ റിറിഹുവാ ഡോൾഫിനുണ്ടായിരുന്നു. സാധാരണ ഡോൾഫിനുകൾ അവയുടെ പല്ലുപയോഗിച്ച് ആക്രമിച്ചാണ് ഇരതേടിയിരുന്നത്. എന്നാൽ ഓറിയ റിറിഹുവാ ആകട്ടെ, ഒരു കൊട്ടപോലെ പല്ലുകൾകൊണ്ട് ഇരകളെ അകത്താക്കുകയാണ് ചെയ്യുക.

വലിപ്പത്തില്‍ ചെറുതും ബലംകുറഞ്ഞ തലയോട്ടിയുമാണ് ഓറീയ റിറിഹുവായ്ക്കുള്ളത്. ഇത് ആഴം കുറഞ്ഞ ജലാശയങ്ങളിലും ഇരതേടലിന് ഈ ഡോള്‍ഫിനുകളെ സഹായിക്കുന്നതായി കണ്ടെത്തി. ഹക്കതാരമിയ ന്യൂസിലന്‍ഡിന്റെ ആദ്യ യുനെസ്‌കോ ജിയോപാര്‍ക്കായ വേടേക്കി വൈറ്റ്‌സ്റ്റോണ്‍ ജിയോപാര്‍ക്കിന്റെ ഭാഗം കൂടിയാണ്. നിരവധി വരുന്ന ഫോസിലുകള്‍ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയതാനാലാണ് ഇവിടെ ജിയോപാര്‍ക്ക് ആരംഭിച്ചത്.