ദീപക് പറമ്പോലും അപർണ ദാസും

നടി അപര്‍ണ ദാസിന്റെയും നടൻ ദീപക് പറമ്പോലിന്റെയും സേവ് ദി ഡേറ്റ് വീഡിയോ ശ്രദ്ധ നേടുന്നു. സ്വയം ട്രോളിക്കൊണ്ടുള്ള വീഡിയോയാണ് ദീപക് പറമ്പോൽ പങ്കുവെച്ചിരിക്കുന്നത്. ‘വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ…എന്നെ ട്രോളാൻ ഞാൻ വേറെ ആരെയും സമ്മതിക്കില്ലാ’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പുറത്തുവിട്ടത്.

മനോഹരം’ എന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ പറഞ്ഞ ഡയലോ​ഗാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ദീപക്കും അപർണയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്. സഹതാരങ്ങളും കമെന്റുമായി എത്തുന്നുണ്ട്.

ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ചാണ് താരവിവാഹം നടക്കുന്നത്. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് വിവരങ്ങൾ. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ’ബീസ്റ്റ്’, ’ഡാഡ’ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം‘ ആണ് പുതിയ ചിത്രം.

വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തെത്തിയ ദീപക് പറമ്പോൽ ‘ദി ​ഗ്രേറ്റ് ഫാദർ‘, ‘തട്ടത്തിൻ മറയത്ത്‘, ‘കുഞ്ഞിരാമായണം‘, ‘ക്യാപ്റ്റൻ‘, ‘കണ്ണൂർ സ്ക്വാഡ്‘ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സി‘ലും താരം സുപ്രധാന വേഷത്തിലെത്തി. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.