നെടിയാൻമല കടവിൽ അപകടത്തിൽപ്പെട്ട് മരിച്ച ആമിനയുടേയും പേരക്കുട്ടികളുടേയും ചെരുപ്പുകൾ ഊരിവെച്ച നിലയിൽ
കൊച്ചി: മൂവാറ്റുപുഴ രണ്ടാർ കരയിൽ നെടിയാൻമല കടവിൽ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു. കിഴക്കേകുടിയിൽ ആമിന (60), പേരക്കുട്ടി ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ആമിനയുടെ മറ്റൊരു പേരക്കുട്ടി ഹന ഫാത്തിമയെ (10) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പേരക്കുട്ടികൾക്കൊപ്പം പുഴയിൽ തുണി കഴുകുന്നതിനും കുളിക്കുന്നതിനുമായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. സ്ഥിരമായി ഈ കടവിൽ കുളിക്കുവാൻ എത്തുന്നവരാണ് ആമിനയും പേരക്കുട്ടികളും. എങ്ങനെയാണ് അപകടമുണ്ടായത് എന്നതിൽ വ്യക്തത ഇല്ല.
പുഴയിൽ രണ്ടു പേർ അപകടത്തിൽപ്പെട്ടതായി സമീപത്ത് പെയിന്റിങ് ജോലി ചെയ്തിരുന്നവരെ പ്രദേശവാസികളായ സ്ത്രീകൾ അറിയിക്കുകയായിരുന്നു. ഇവർ ഉടനെത്തി ആമിനയെയും ഒരു പേരക്കുട്ടിയെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ മറ്റൊരു കുട്ടി കൂടി അപകടത്തിൽപ്പെട്ട വിവരം ഈ സമയം അറിയില്ലായിരുന്നു.
വീട്ടുകാരാണ് ആമിനയ്ക്കൊപ്പം ഒരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്ന വിവരം അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആമിനയുടെ മൃതദേഹം മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
