Photo: twitter.com|IndianFootball

ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതിനു പിന്നാലെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 121-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുവാഹാട്ടിയില്‍ കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരേ 2-1ന് തോറ്റതിനു പിന്നാലെയാണ് റാങ്കിങ്ങില്‍ ഇന്ത്യ പിന്തള്ളപ്പെട്ടത്.

പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞവര്‍ഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചിരുന്നു. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, സാഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളാണ് റാങ്കിങ് ഉയര്‍ച്ചയിലേക്ക് വഴിവെച്ചിരുന്നത്. എന്നാല്‍ പുതിയ വര്‍ഷം ഇന്ത്യക്ക് നേട്ടങ്ങള്‍ ആവര്‍ത്തിക്കാനായില്ല.

ഇക്കഴിഞ്ഞ ഡിസംബറില്‍ 102-ാം സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യ. ഫിഫ റാങ്കിങ്ങില്‍ 173-ാം സ്ഥാനത്തത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മോശം റാങ്കിങ്. നിലവില്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് ഒന്നാമത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ബ്രസീല്‍ ടീമുകള്‍ യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

അതേസമയം അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ ഇഗോര്‍ സ്റ്റിമാച്ച് തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്നാണ് റിപ്പോര്‍ട്ട്. കുവൈത്തിനും ഖത്തറിനുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്റ്റിമാച്ചിനോട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) ആവശ്യപ്പെട്ടു.

മാര്‍ച്ച് 26-ന് അഫ്ഗാനിസ്താനോട് തോറ്റതോടെ ക്രൊയേഷ്യന്‍ മുന്‍ താരമായ സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഐ.എം. വിജയന്‍ തലവനായ ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് സ്റ്റിമാച്ചുമായി എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാണ്‍ ചൗബേയും വൈസ് പ്രസിഡന്റ് എന്‍.എ. ഹാരിസും സ്റ്റിമാച്ചുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ലോകകപ്പ് യോഗ്യത റൗണ്ട് മൂന്നിലേക്ക് കടക്കാന്‍ ഇന്ത്യക്ക് മുന്നില്‍ ഇനിയും രണ്ട് മത്സരങ്ങളുണ്ട്. യോഗ്യതാ ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ റൗണ്ട് മൂന്നിലേക്ക് കടന്നിട്ടില്ല. അതിനാല്‍ സ്റ്റിമാച്ചിനെത്തന്നെ നിലനിര്‍ത്തി മുന്നോട്ടുപോകാനാണ് ഇപ്പോഴത്തെ നീക്കം. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ കുവൈത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജൂണ്‍ 11-ന് ഖത്തറിനെതിരെയും മത്സരിക്കും. കുവൈത്തിനെതിരായ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് റൗണ്ട് മൂന്നിലേക്ക് കടക്കാം.