വി.എസ് സുനിൽകുമാർ, സുരേഷ് ഗോപി, കെ.മുരളീധരൻ
യു.ഡി.എഫിന് മിക്കകാലങ്ങളിലും മികച്ചവിജയം നേടിക്കൊടുത്തയിടം. അപ്രതീക്ഷിത അട്ടിമറികൾ മാറ്റിവെക്കാം. സിറ്റിങ് എം.പി. ടി.എൻ. പ്രതാപൻ രംഗത്തെത്തും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്
പൂരനഗരി കനത്തചൂടിൽ തിളച്ചുമറിയുകയാണ്. പല ദിവസങ്ങളിലും 40 ഡിഗ്രിയിൽ തൊട്ടു. അന്തരീക്ഷത്തിന്റെ ഈ തിളപ്പ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അടിത്തട്ടിലുമുണ്ട്. പ്രവചനാതീത ഫലം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. തൃശ്ശൂരിലെ മൂന്ന് മുന്നണിസ്ഥാനാർഥികളും മത്സരത്തിനെത്തിയത് സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ്.
തൃശ്ശൂരിൽ തിളക്കമേറിയ ഒട്ടേറെ ജയംനേടിയ കക്ഷിയാണ് സി.പി.ഐ. കെ. കരുണാകരനെ അട്ടിമറിച്ച വി.വി. രാഘവൻ, സി.കെ. ചന്ദ്രപ്പൻ, സി.എൻ. ജയദേവൻ തുടങ്ങിയ ഒട്ടേറെ പേരുകളുണ്ടതിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച രാജാജി മാത്യു തോമസ്, മുൻമന്ത്രി കെ.പി. രാജേന്ദ്രൻ, പാർട്ടി ജില്ലാസെക്രട്ടറി കെ.കെ. വത്സരാജ് തുടങ്ങിയ പേരുകളിലൊക്കെ ചർച്ച നീണ്ടിരുന്നു. തൃശ്ശൂരിനെ സംബന്ധിച്ച് സുനിൽകുമാർ രാഷ്ട്രീയനേതാവു മാത്രമല്ല. വിദ്യാർഥിക്കാലംമുതൽ എല്ലായിടത്തും സാന്നിധ്യം അറിയിച്ചിട്ടുള്ളയാൾ. എം.എൽ.എ. ആയപ്പോഴും മന്ത്രി ആയപ്പോഴും സ്വീകാര്യതയ്ക്ക് തെല്ലും കുറവുവന്നില്ല. പൂരപ്പറമ്പിലും ചർച്ചാവേദികളിലും വിവാഹപ്പന്തലിലുമൊക്കെ സുനിൽ നിത്യസാന്നിധ്യമായി. ഏറെ വ്യക്തിബന്ധമുള്ള സുനിലിന് എല്ലാ വിഭാഗങ്ങളുമായി മികച്ച സൗഹൃദവുമുണ്ട്.
എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിയെ സംബന്ധിച്ച് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പാണ് തൃശ്ശൂരിലെ തുടക്കം. ജയിക്കാനായില്ലെങ്കിലും അദ്ദേഹം മണ്ഡലംവിട്ടുപോയതേയില്ല. തുടർന്നുനടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തമായ സാന്നിധ്യം അറിയിച്ച സുരേഷ് ഗോപി ഇവിടെത്തന്നെ തുടരുകയായിരുന്നു. രാഷ്ട്രീയക്കാരൻ എന്നുള്ളതിലുപരി സിനിമാതാരം എന്ന പരിവേഷവും ചേർത്ത് കൃത്യമായ അളവോടെയാണ് അദ്ദേഹം ജനങ്ങളിലേക്കിറങ്ങിയത്. തൃശ്ശൂരിന്റെ എല്ലാ പ്രത്യേക അവസരങ്ങളിലും വികസനപ്രവർത്തനങ്ങളിലുമൊക്കെ പങ്കാളിത്തം ഉറപ്പാക്കാനും ശ്രദ്ധിച്ചു. കരുവന്നൂരിലെ പദയാത്രയിലൂടെ രാഷ്ട്രീയസമരരംഗത്തും അദ്ദേഹം വരവറിയിച്ചു. കോർപ്പറേഷന്റെ വികസന പദ്ധതികളുമായുള്ള സഹകരണം, ഗ്രാമം ദത്തെടുക്കൽ എന്നിവയൊക്കെ ശ്രദ്ധേയം. ഏറ്റവുമൊടുവിൽ മകളുടെ വിവാഹം ഗുരുവായൂരിൽ നടന്നപ്പോൾ അവിടേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ വന്നു. ഇതോടെ സുരേഷ് ഗോപി ജയിച്ചാൽ കേന്ദ്രമന്ത്രിയെന്ന പ്രചാരണം വ്യാപകമായി. തൃശ്ശൂരിന്റെ വികസനസ്വപ്നങ്ങളെ കൂട്ടുപിടിച്ച് മുന്നോട്ടുകുതിക്കാനാണ് അദ്ദേഹത്തിന്റെ ഒരുക്കം.
കെ. കരുണാകരൻ എന്ന നേതാവിന്റെ രാഷ്ട്രീയ തട്ടകമാണ് തൃശ്ശൂർ. യു.ഡി.എഫിന് മിക്കകാലങ്ങളിലും മികച്ചവിജയം നേടിക്കൊടുത്തയിടം. അപ്രതീക്ഷിത അട്ടിമറികൾ മാറ്റിവെക്കാം. സിറ്റിങ് എം.പി. ടി.എൻ. പ്രതാപൻ രംഗത്തെത്തും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായ ചില രാഷ്ട്രീയ സംഭവവികാസങ്ങളാണ് കെ. മുരളീധരൻ എന്ന മല്ലനിലേക്ക് യു.ഡി.എഫിന്റെ ചിന്തയെത്തിച്ചത്. പത്മജയുടെ പാർട്ടിമാറ്റവും ഇതിന് ഒരു കാരണമായി. സിറ്റിങ് എം.പി. മത്സരിക്കുന്നതിൽ ഉണ്ടാകുന്ന വിരുദ്ധവികാരത്തെ മറികടക്കാൻ കഴിയുന്നു എന്നുള്ളത് മുരളിയുടെ വരവിന്റെ ഒരുവശം. കോൺഗ്രസിന്റെ സംഘടനാതലത്തിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെ ഭംഗിയായി മറികടക്കാൻ കഴിയുന്നെന്നതാണ് ഏറ്റവുംവലിയ ഗുണം. വ്യക്തിപരമായ വിജയമല്ല ലക്ഷ്യമെന്ന് മുരളീധരൻ സാധാരണ കോൺഗ്രസുകാരോടും നേതാക്കന്മാരോടും പറഞ്ഞുകഴിഞ്ഞു. വിജയം പാർട്ടിക്കും നാടിനും ഒരേപോലെ ആവശ്യമാണ് എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. തൃശ്ശൂർ പോലെയുള്ള ഒരു മണ്ഡലത്തിൽ ശക്തരായ എതിരാളികളെ പരാജയപ്പെടുത്തി നിലനിർത്താൻ മുരളീധരൻ എന്ന ജയന്റ് കില്ലർ തന്നെയാണ് വേണ്ടതെന്ന് കോൺഗ്രസ് ഉറച്ചുവിശ്വസിക്കുന്നു. മുരളീധരൻ കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന നേതാവാണെങ്കിലും തൃശ്ശൂരുകാർക്ക് പ്രിയനേതാവിന്റെ മകൻകൂടിയാണ്. അതുവരെയുണ്ടായിരുന്ന രാഷ്ട്രീയസമവാക്യങ്ങളെ അട്ടിമറിക്കാൻ മുരളിയുടെ വരവിനായി. സാമുദായികമായി കൂട്ടിവെച്ചിരുന്ന കണക്കുകളെ മറികടക്കാൻകഴിയുന്ന സ്ഥാനാർഥികൂടിയാണ് മുരളീധരൻ.
