കെ. അണ്ണാമലൈ | Photo: PTI

ആധ്യാത്മികതയ്ക്ക് വളക്കൂറുള്ള തമിഴ് മണ്ണിൽ വേരുറപ്പിക്കാൻ കഴിഞ്ഞ പത്തുവർഷത്തിനിടെ ബി.ജെ.പി. പയറ്റാത്ത അടവുകളില്ല. 36-ാം വയസ്സിൽ കെ. അണ്ണാമലൈ പാർട്ടി സംസ്ഥാന അധ്യക്ഷപദവിയിലെത്തിയത് അങ്ങനെയാണ്. മൂന്നുവർഷമായി മുതിർന്ന നേതാക്കളെ കരയ്ക്കിരുത്തി കളംനിറഞ്ഞു കളിക്കുകയാണ് ഈ പഴയ ഐ.പി.എസുകാരൻ. വോട്ടുശതമാനം ഉയർത്തി തമിഴ്‌നാട്ടിൽ ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കുക എന്ന ലക്ഷ്യത്തോടെ കച്ചത്തീവ് അടക്കം തുറുപ്പുചീട്ടുകൾ ഓരോന്നായി ഇറക്കുന്ന അണ്ണാമലൈക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പിന്തുണയുണ്ട്.

തമിഴ്‌നാട്ടിൽ മേൽവിലാസമുണ്ടാക്കാൻ ബി.ജെ.പിക്ക് ലഭിച്ച സുവർണാവസരമായിരുന്നു ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തെത്തുടർന്നുള്ള രാഷ്ട്രീയസാഹചര്യം. പക്ഷേ, സൂപ്പർ താരം രജനീകാന്തിനെ കളത്തിലിറക്കാൻ നടത്തിയ ശ്രമം പാളി. അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയെങ്കിലും കാര്യമായ നേട്ടമുണ്ടാകാതെവന്നതോടെയാണ് അണ്ണാമലൈയുടെ രംഗപ്രവേശം.

ഐ.പി.എസിൽ പത്തുവർഷം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ കർണാടക പോലീസിലെ സിങ്കം എന്നപേരിൽ പേരെടുത്ത അണ്ണാമലൈ 2019-ലാണ് ജോലി ഉപേക്ഷിച്ചത്. പാർട്ടിയിൽ ചേർന്നപ്പോൾത്തന്നെ വൈസ് പ്രസിഡന്റ് പദവി ലഭിച്ചു, എൽ. മുരുകൻ കേന്ദ്രമന്ത്രിയായതോടെ അധ്യക്ഷപദവിയും. അണ്ണാമലൈയിലെ ക്ഷുഭിതയൗവനം അതിവേഗം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശ്രദ്ധപിടിച്ചുപറ്റി. സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ.യെ പ്രകോപിപ്പിച്ചുകൊണ്ടായിരുന്നു തുടക്കംമുതൽ പ്രവർത്തനം. അണ്ണാ ഡി.എം.കെ.യുടെ തണലിൽനിന്നുകൊണ്ട് പാർട്ടിക്കു വളരാൻ സാധിക്കില്ലെന്ന് ദേശീയനേതൃത്വത്തെ വിശ്വസിപ്പിക്കാൻ അണ്ണാമലൈക്കു സാധിച്ചു.

നഗരപ്രദേശങ്ങളിലെ തദ്ദേശതിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ മത്സരിച്ച് കോർപ്പറേഷനുകളിൽ ഏഴുശതമാനം വോട്ടുനേടിയത് നേട്ടമായി. ഡി.എം.കെ. സർക്കാരിനെതിരേ തുടർച്ചയായ അഴിമതിയാരോപണങ്ങളിലൂടെ തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷം ബി.ജെ.പി.യാണെന്നു സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ അപകടം എടപ്പാടി പളനിസ്വാമിയും കൂട്ടരും തിരിച്ചറിഞ്ഞു. അണ്ണാദുരൈയെയും ജയലളിതയെയും കുറിച്ചുള്ള അണ്ണാമലൈയുടെ പരാമർശങ്ങളുടെപേരിൽ ബി.ജെ.പി.യുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പളനിസ്വാമി തീരുമാനിച്ചു. ഇതിന്റെപേരിൽ പാർട്ടിക്കുള്ളിൽനിന്ന് കടുത്ത എതിർപ്പ് നേരിട്ടിട്ടും അണ്ണാമലൈ കുലുങ്ങിയില്ല.

ഡി.എം.കെ. ഫയൽസ്

ഡി.എം.കെ. ഫയൽസ് എന്നപേരിൽ ഭരണപക്ഷത്തെ മന്ത്രിമാർ അടക്കമുള്ളവർക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകൾ തമിഴകരാഷ്ട്രീയത്തിൽ ചർച്ചാവിഷയമായി. കേന്ദ്രസർക്കാരിനെ മുൾമുനയിൽനിർത്തുന്ന വിമർശനങ്ങൾ നടത്തിയിരുന്ന തമിഴ്‌നാട് മുൻധനമന്ത്രി പളനിവേൽ ത്യാഗരാജിന്റെ (പി.ടി.ആർ.) സ്ഥാനചലനത്തിനുപിന്നിലും അണ്ണാമലൈയുടെ വെളിപ്പെടുത്തലായിരുന്നു.

‘എൻ മൺ എൻ മക്കൾ’ എന്നപേരിൽ നടത്തിയ സംസ്ഥാന യാത്രയിലൂടെ പാർട്ടിയിലെ അനിഷേധ്യനേതാവായി അണ്ണാമലൈ വളർന്നു. കൃത്യമായ ഇടവേളകളിൽ പുതിയ രാഷ്ട്രീയവിഷയങ്ങളുമായി ബി.ജെ.പി.യുടെയും തന്റെയും സാന്നിധ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന അണ്ണാമലൈക്ക് ഇപ്പോൾ കത്തിക്കയറുന്ന കച്ചത്തീവ് വിഷയത്തിലും പങ്കുണ്ട്. അണ്ണാമലൈ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച മറുപടിയാണ് ചർച്ചയ്ക്കു വഴിമരുന്നിട്ടത്.

ഡൽഹിയല്ല, തമിഴ്‌നാടാണ് തന്റെ തട്ടകമെന്നും ലോക്‌സഭയിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ച അണ്ണാമലൈ അടക്കം പ്രമുഖ നേതാക്കൾ എല്ലാവരും സ്ഥാനാർഥിയായത് വോട്ടുവിഹിതം ഉയർത്താനാണ്. ഈ ലക്ഷ്യം നേടിയാൽ തമിഴ്‌നാട് ബി.ജെ.പി.യിൽ അണ്ണാമലൈ യുഗം തുടരും.