1.കെ രാധാകൃഷ്ണൻ 2. ടിഎൻ സരസു

പാലക്കാട്: നാമനിർദേശപത്രിക സമർപ്പിക്കാൻ അപ്രതീക്ഷിതമായി ഒരുമിച്ചെത്തിയതിന്റെ ആകാംക്ഷയിലായിരുന്നു ആലത്തൂർ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണനും എൻ.ഡി.എ. സ്ഥാനാർഥി ടി.എൻ. സരസുവും. വരണാധികാരിയുടെ ഓഫീസിനുമുന്നിലെത്തിയ സരസുവിനെ ടീച്ചറെ എന്നുവിളിച്ച് രാധാകൃഷ്ണൻ നിറപുഞ്ചിരിയേകി. കൈകൊടുത്ത് സരസുവും ആഹ്ലാദത്തിലായി. പരസ്പരം ക്ഷേമം തിരക്കിയാണ് ഇരുവരും നടന്നുനീങ്ങിയത്.

പത്രിക സമർപ്പിക്കാൻ മുന്നണികൾ നിശ്ചയിച്ച സമയക്രമം മാറിയതോടെയാണ് എൽ.ഡി.എഫ്‌ നേതാക്കളും എൻ.ഡി.എ. നേതാക്കളും ഒരുമിച്ചെത്തിയത്. ഇതോടെ, കളക്ടറേറ്റ് വളപ്പ് നേതാക്കളുടെ സംഗമവേദിയായി. 10-ന് എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ പത്രിക സമർപ്പിക്കാനെത്തുമെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. 10.30-നുശേഷം എൻ.ഡി.എ. സ്ഥാനാർഥി ടി.എൻ. സരസുവും പത്രിക സമർപ്പിക്കാനെത്തുമെന്ന്‌ അറിയിച്ചിരുന്നു.

ജില്ലാപഞ്ചായത്തിലേക്കുള്ള റോഡിനടുത്തുനിന്ന് പ്രകടനമായി തുടങ്ങാനായിരുന്നു എൽ.ഡി.എഫ്. തീരുമാനം. നേതാക്കളും ഘടകകക്ഷികളും രാവിലെ 9.30-ഓടെ ഇങ്ങോട്ടെത്തിത്തുടങ്ങി. ഇവിടെനിന്ന് പ്രകടനമായി കളക്ടറേറ്റിലേക്ക് പോകാനായിരുന്നു എൻ.ഡി.എ. മുന്നണിയും തീരുമാനിച്ചത്. എന്നാൽ, ഇരുമുന്നണികൾക്കും സമയത്തിന് തുടങ്ങാനായില്ല. അപ്പോഴേക്കും നേതാക്കളും അണികളും ജില്ലാപഞ്ചായത്ത് റോഡിലേക്ക് ഒരേസമയമെത്തി. എൻ.ഡി.എ. മുന്നണിയുടെ വാദ്യങ്ങൾ മുഴങ്ങുന്നതിനിടെ 11.05-ന് എൽ.ഡി.എഫിന്റെ പ്രകടനം തുടങ്ങി. അഞ്ചുമിനിറ്റിനുശേഷം എൻ.ഡി.എ. മുന്നണിയും കളക്ടറേറ്റിലേക്ക് പ്രകടനമായി നീങ്ങി.

പത്തുമിനിറ്റിനുള്ളിൽ എ.ഡി.എം. ഓഫീസിനുമുന്നിൽ ഇരുസംഘവുമെത്തി. ഹാളിലുണ്ടായിരുന്ന സീറ്റുകളിലെ മുൻനിരയിലായിരുന്നു സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും സംസ്ഥാനസമിതിയംഗം സി.കെ. രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളും ഇരുന്നിരുന്നത്. എൻ.ഡി.എ. സ്ഥാനാർഥിയും നേതാക്കളും ഹാളിലേക്ക് കടന്നതോടെ സി.പി.എം. നേതാക്കൾ പിന്നിലേക്ക് മാറിക്കൊടുത്ത് സരസുവിന് ഇരിക്കാൻ ഇടം നൽകി. സി.പി.എം. നേതാക്കൾക്കും പിന്നിലായാണ് ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസ് ഉൾപ്പെടെയുള്ളവർ ഇരുന്നത്.