കൊച്ചിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ കാണികൾ

തുടര്‍ച്ചയായ മൂന്നാംതവണയും പ്ലേ ഓഫിലെത്തി കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തില്‍ മികവുതെളിയിച്ചപ്പോള്‍ ആരാധകരും വെറുതേയിരുന്നില്ല. കൊച്ചിയെ മഞ്ഞക്കടലാക്കുന്ന പതിവ് അവരും തുടര്‍ന്നു. മൂന്നുലക്ഷത്തോളം പേരാണ് ഇത്തവണ ടീമിന്റെ 11 ഹോം മത്സരങ്ങള്‍ക്കായെത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ലീഗ് റൗണ്ടിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത്തവണയും ആരാധകരാണ് താരം. 3.02 ലക്ഷം പേരാണ് 11 മത്സരങ്ങള്‍ കാണാനെത്തിയത്. കഴിഞ്ഞ സീസണിനേക്കാള്‍ നേരിയ കുറവുണ്ടെങ്കിലും കാണികളുടെ എണ്ണത്തില്‍ ലീഗില്‍ രണ്ടാംസ്ഥാനത്ത് ടീമുണ്ട്.

കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനാണ് ഒന്നാമത്. 10 മത്സരങ്ങളിലായി 3.20 ലക്ഷം പേര്‍ കളികാണാനെത്തി. മൂന്നാം സ്ഥാനത്ത് ഈസ്റ്റ് ബംഗാളാണ് 10 കളിക്ക് 1.56 ലക്ഷം പേര്‍ സ്റ്റേഡിയത്തിലെത്തി. ബഗാന് 32,092 ആണ് ശരാശരി കാണികള്‍. ബ്ലാസ്റ്റേഴ്സിന്റെ ശരാശരി 27,519 ആണ്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിലാണ് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൂടുതല്‍ കാണികളെത്തിയത്. 34,981 പേര്‍ അന്ന് കളികണ്ടു. കഴിഞ്ഞസീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിലെ കാണികളുടെ എണ്ണത്തില്‍ 1.1 ശതമാനം കുറവുണ്ട്. രണ്ടാംഘട്ടത്തില്‍ ടീമിന്റെ പ്രകടനം മോശമായതാണ് കാണികളുടെ എണ്ണത്തില്‍ കുറവുവരാന്‍ കാരണമായത്. ബഗാന്‍ കാണികളുടെ എണ്ണത്തില്‍ കുറവുവരാന്‍ കാരണമായത്. ബഗാന്‍ കാണികളുടെ എണ്ണത്തില്‍ മുന്നില്‍വരാനുള്ള പ്രധാനകാരണം അവരുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയാണ്. 85,000-ത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൊച്ചിയില്‍ 35,000 പേര്‍ക്കാണ് കളികാണാന്‍ കഴിയുക.

ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യഘട്ടത്തില്‍ സ്റ്റേഡിയം കപ്പാസിറ്റിയിലെ കുറവ് ക്ലബ്ബിനെ ബാധിച്ചു. ഐ.എസ്.എല്‍. ആരംഭിച്ച് പത്തുസീസണ്‍ പിന്നിടുമ്പോള്‍ ഇതുവരെ കാണികളുടെ എണ്ണത്തില്‍ ടീം ആദ്യ മൂന്നുസ്ഥാനത്തിന് താഴെപ്പോയിട്ടില്ല. ഇനി ടീം സെമിയിലേക്ക് മുന്നേറിയാല്‍ ഒരു മത്സരത്തിനുകൂടി കൊച്ചി ആതിഥ്യംവഹിക്കും.