Photo | twitter.com/FIDE_chess

ഒട്ടാവ (കാനഡ): ടൊറന്റോയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദയും ഫ്രാന്‍സിന്റെ ഇറാന്‍ വംശജന്‍ അലിറെസ ഫിറോസ്ജയും തമ്മിലുള്ള മത്സരം. ലോക ആറാം നമ്പര്‍ താരമായ ഫിറോസ്ജയെ സമനിലയില്‍ കുരുക്കാന്‍ പ്രഗ്നാനന്ദയ്ക്കായി. ഭാവിയില്‍ ചെസ് കിരീടം ചൂടാന്‍ സാധ്യതയുള്ളവരായാണ് ഇരുവരെയും ഗണിക്കപ്പെടുന്നത്.

ഇരുപതുകാരനായ ഫിറോസ്ജയും പതിനെട്ടുകാരനായ പ്രഗ്നാനന്ദയും തമ്മില്‍ മുന്‍പ് 64 കളങ്ങൡ മാറ്റുരച്ചിട്ടുണ്ട്. ഫിറോസ്ജയ്ക്കായിരുന്നു അപ്പോള്‍ ജയം. പ്രതിഭയില്‍ ഇരുവരും സമന്മാരാണെങ്കിലും അനുഭവസമ്പത്തില്‍ ഫിറോസ്ജ ഏറെ മുന്നിലാണ്. അതിനാല്‍ കളി സമനിലയില്‍ ആയാലും പ്രഗ്നാനന്ദയ്ക്ക് അത് വലിയ ആത്മവിശ്വാസം നല്‍കും. കൂടാതെ ശേഷിച്ച മത്സരങ്ങളെ കൂടുതല്‍ പോരാട്ടവീര്യത്തോടെ സമീപിക്കാന്‍ സഹായിക്കുകയും ചെയ്യും.

അതേസമയം കാന്‍ഡിഡേറ്റ്‌സ് ചെസ്, വനിതാ കാന്‍ഡിഡേറ്റ്‌സ് ചെസ് ആദ്യ റൗണ്ട് മത്സരങ്ങളില്‍ ലോകത്തെ 16 കരുത്തരായ ചെസ് താരങ്ങള്‍ തമ്മില്‍ പോരാട്ടം നടത്തി. എട്ടില്‍ ഏഴ് കളികളും സമനിലയിലാണ് അവസാനിച്ചത്.